തിരുവനന്തപുരം: മറുപുറത്തുള്ളവന്റെ വാക്കുകേട്ട് സ്വന്തം നഗ്ന ശരീരത്തിന്റെ ഫോട്ടോകൾ അയക്കുന്നവർക്കുള്ള മുന്നറിയിപ്പുമായി പാക്കിസ്ഥാന്റെ സൈബർ ഇടങ്ങളെ വിറപ്പിച്ച കേരള സൈബർ വാരിയേഴ്‌സ് എന്ന് സൈബർ പോരാളികൾ.
സൈബർ വാരിയേഴ്‌സ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ നൽകിയ മുന്നറിയിപ്പ് ഇതിനോടകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടി നടക്കുന്നതിനിടയ്ക്ക് നിങ്ങൾ മറന്നു പോകുന്ന ചില കാര്യങ്ങൾ ഉണ്ട് .അതൊന്നു ഓർമിപ്പിക്കുക ആണ്. ഉപദേശം ഇഷ്ടമല്ലെന്ന് അറിയാം. എന്നാലും ഒന്ന് വായിക്കുക എന്ന മുന്നറിയിപ്പോടെയാണ് വാരിയേഴ്‌സിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.
നിങ്ങൾ സ്‌നേഹിക്കുന്നതിനോ, എന്ത് സംസാരിക്കുന്നതിനോ ആരും എതിരല്ല. പക്ഷെ ആ സംസാരം അതിര് കടക്കമ്പോൾ നിങ്ങൾതന്നെ മറന്നു പോകുന്ന ചില കാര്യങ്ങളുണ്ട്. മറുപുറത്ത് ഉള്ളവന്റെ വാക്കും കേട്ട് സ്വന്തം നഗ്ന ശരീരത്തിന്റെ ഫോട്ടോ, വീഡിയോ അയക്കമ്പോൾ നിങ്ങൾ ചതിക്കുന്നത് നിങ്ങളെ മാത്രമല്ല, ജന്മം നൽകിയ അച്ഛനേം, അമ്മയേം, സ്വന്തം കൂടെ പിറപ്പുകളെയും കൂടി ആണെന്നും പോസ്റ്റ് ഓർമ്മിപ്പിക്കുന്നു. അവരെക്കൂടിയാണ് നിങ്ങൾ നാണക്കേടിന്റെ കൊക്കയിലേക്ക് തള്ളിയിട്ട് ആത്മഹത്യയിലേക്ക് നയിക്കുന്നത്.
പണ്ടത്തെ കാലം അല്ല ഇന്ന്. ഒരു നിമിഷത്തെ നിങ്ങളുടെ തെറ്റിന് ഒരു ജന്മം മുഴുവൻ നിങ്ങൾ വേദനിച്ചു തീർക്കേണ്ടി വരും. സോഷ്യൽ മീഡിയ അങ്ങനെ ആണ്. അതിനെ തടയാനൊക്കെ കുറച്ചു പാടാണ്. നിങ്ങൾ എത്ര വിശ്വസിക്കുന്നവനോ ആകട്ടെ. അത് നിങ്ങളുടെ കാമുകനോ, സുഹൃത്തോ ആരും ആകാം. ദയവു ചെയ്ത് അവരെയും വിശ്വസിച്ചു നിങ്ങളുടെ നഗ്‌ന ദൃശ്യങ്ങൾ അയക്കാതെ ഇരിക്കുക. പിന്നെ കിടന്നു കരഞ്ഞിട്ട് കാര്യമില്ലെന്നും ഓർക്കുക.
അങ്ങനെ നിങ്ങളുടെ നഗ്‌നശരീരം ആവശ്യപ്പെട്ടവൻ നിങ്ങളെ യഥാർത്ഥത്തിൽ സ്‌നേഹിക്കുന്നു എന്ന് പറയാൻ പറ്റില്ലെന്നും സൈബർ വാരിയേഴ്‌സ് ഓർമ്മിപ്പിക്കുന്നു. ഇനി നമുക്ക് ചെയ്യാൻ പറ്റുന്നത് ഇതേ പോലുള്ള ഫോട്ടോസ്, വീഡിയോസ് സോഷ്യൽ മീഡിയ വഴി കിട്ടിയാൽ നമ്മുടെ സഹോദരിക്ക് പറ്റിയ ഒരു അബദ്ധം ആയി കണ്ടു അത് ഡിലീറ്റ് ചെയ്യുക എന്നതാണ്. നിങ്ങളായി ഒരു കുട്ടിയെ കൂടി ആത്മഹത്യയിലേക്ക് തള്ളി വിടാതെ ഇരിക്കുകയന്ന ഉപദേശത്തോടെയാണ് വാരിയേഴ്‌സ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.