ജയരാജന് പിന്നാലെ മെഴ്‌സികുട്ടിയമ്മയും തെറിക്കുമോ? തോട്ടണ്ടി ഇറക്കുമതിയിലെ അഴിമതി ആരോപണം സിപിഎമ്മിനുള്ളിലും പൊട്ടിത്തെറി

തിരുവനന്തപുരം: മന്ത്രി ഇ പി ജയരാജന് പിന്നാലെ മന്ത്രി മേഴ്‌സികുട്ടിയമ്മയും പുറത്തേയ്‌ക്കെന്ന് സൂചന. പൂട്ടികിടന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നതിനു പിന്നാലെ തോട്ടണ്ടി ഇറക്കുമതിയില്‍ വന്‍ അഴിമതി നടന്നെന്ന സൂചനകളാണ് പുതിയ വിവാദങ്ങള്‍ക്കും വിജിലനസ് അന്വേഷണത്തിലേയ്ക്കും വഴിവെച്ചിരിക്കുന്നത്.

ഇതോടെ മന്ത്രിയുടെ നില പരുങ്ങലിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തോട്ടണ്ടി ഇറക്കുമതിയില്‍ സര്‍ക്കാരിനു 10.34 കോടി രൂപയുടെ നഷ്ടമുണ്ടായതായി വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനേത്തുടര്‍ന്നാണു മേഴ്സിക്കുട്ടിയമ്മ, ഭര്‍ത്താവും കേരള സ്റ്റേറ്റ് കാഷ്യു വര്‍ക്കേഴ്സ് അപെക്സ് ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി (കാപെക്സ്) മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ പി. തുളസീധരക്കുറുപ്പ്, കശുവണ്ടി വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ടി.എഫ്. സേവ്യര്‍ തുടങ്ങിയവര്‍ക്കെതിരേ ദ്രുതപരിശോധനയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാക്കാലത്തും അഴിമതിയുടെ കൂത്തരങ്ങായി അറിയപ്പെടുന്ന തോട്ടണ്ടി ഇറക്കുമതിയില്‍ ഇക്കുറി മന്ത്രിയും കുടുങ്ങിയോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. കുറഞ്ഞ തുകയുടെ ടെന്‍ഡര്‍ സമര്‍പ്പിച്ചവരെ ഒഴിവാക്കിയതിലൂടെ കശുവണ്ടി കോര്‍പറേഷന് 6.87 കോടി രൂപയുടെയും കാപെക്സിന് 3.47 കോടിയുടെയും ഉള്‍പ്പെടെ 10.34 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചെന്നാണു റഹിമിന്റെ പരാതി. മന്ത്രി മേഴ്സിക്കുട്ടിയമ്മ അടക്കമുള്ള ആരോപണവിധേയരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തും.

അതേസമയം, പാര്‍ട്ടിയില്‍തന്നെ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ പരാതി ഉയരുകയും ഇതിന്റെ ഭാഗമായാണ് അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചതെന്നുമുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. ഓണക്കാലത്തെ തോട്ടണ്ടി ഇറക്കുമതിയില്‍ നടന്ന കോടികളുടെ ക്രമക്കേടിനെക്കുറിച്ചു സിപിഎം. സംസ്ഥാനനേതൃത്വത്തിനും വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറക്കുമതി അഴിമതിമതിക്കുപുറമേ മറ്റൊരു മന്ത്രി തന്നെ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ പരാതി ഉന്നയിച്ചിരുന്നു.

ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം കശുവണ്ടി കോര്‍പറേഷന്‍ എം.ഡി. സ്ഥാനത്തേക്കു തന്നെ ശുപാര്‍ശ ചെയ്യണമെന്നഭ്യര്‍ത്ഥിച്ച് ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന സേവ്യര്‍ ഈ മന്ത്രിയെ കണ്ടെന്നാണ് ആക്ഷേപം. കൊല്ലം ജില്ലയില്‍നിന്നുള്ള പ്രമുഖ സിപിഎം. നേതാവും ഒപ്പമുണ്ടായിരുന്നു. കാര്യസാധ്യത്തിനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്നും എന്നാല്‍, താന്‍ അവരെ പറഞ്ഞുവിടുകയായിരുന്നെന്നും മന്ത്രി പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ പിന്നീട് അതേ എസ്പി തന്നെ ഡെപ്യൂട്ടേഷനില്‍ കോര്‍പറേഷന്‍ എം.ഡിയായി. തനിക്കു വാഗ്ദാനം ചെയ്ത ഒരുകോടി രൂപ മറ്റാര്‍ക്കോ നല്‍കിയെന്നും അതു മേഴ്സിക്കുട്ടിയമ്മയുടെ അറിവോടെയാണെന്നും ആണ് ഇതോടെ ആക്ഷേപമുയര്‍ന്നത്. പാര്‍ട്ടിയില്‍ ഇക്കാര്യം ചര്‍ച്ചയായി മാറുകയും ചെയ്തു. കൊല്ലം ജില്ലയിലെ പ്രമുഖ വി എസ്. പക്ഷക്കാരിയാണു മേഴ്സിക്കുട്ടിയമ്മ. അതുകൊണ്ടുതന്നെ പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷത്തിനു വീണുകിട്ടിയ വടിയാണ് തോട്ടണ്ടി ഇടപാടിലെ വിജിലന്‍സ് അന്വേഷണം. ബന്ധുനിയമനവിവാദത്തിന്റെ പേരില്‍ ഔദ്യോഗികപക്ഷത്തെ കരുത്തനായ ഇ.പി. ജയരാജനു പോലും മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു.

ഈ സാഹചര്യത്തില്‍, 10.34 കോടി രൂപയുടെ അഴിമതിയാരോപണം നേരിടുന്ന മേഴ്സിക്കുട്ടിയമ്മയ്ക്ക് എതിരെയും കടുത്ത നടപടി സ്വീകരിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ നിന്നുതന്നെ ഉയര്‍ന്നുകഴിഞ്ഞു. വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പുതന്നെ ജയരാജനെ കൊണ്ട് രാജിവയ്പിച്ച മാതൃകയില്‍ അഴിമതി ആരോപണം നേരിടുന്ന മെഴ്സിക്കുട്ടിയമ്മയും രാജിവയ്ക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്.

Top