കല്‍പറ്റ: വയനാട് ഗവ. എന്‍ജിനീയറിങ് കോളജ് മെക്കാനിക്കല്‍ വിഭാഗത്തിലെ ഒരേയൊരു പെണ്‍കുട്ടി സഹവിദ്യാര്‍ത്ഥികളുടെ പീഡനത്തെ തുടര്‍ന്ന് പഠനം നിര്‍ത്തി. ആദിവാസി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിക്കാണ് പഠനം വേണ്ടെന്ന് വയ്ക്കേണ്ടി വന്നത്. സഹപാഠികളുടെ ശാരീരികോപദ്രവം മൂലമാണ് വിദ്യാര്‍ത്ഥിനി പഠനം ഉപേക്ഷിച്ചത്. അശ്ലീല വിഡിയോ പ്രദര്‍ശനവും മറ്റും ക്ലാസ് മുറിയില്‍ സ്ഥിരമായിരുന്നു. അതിന് ശേഷമായിരുന്നു പീഡനങ്ങള്‍. ഇത് തുടര്‍ന്നപ്പോള്‍ പരാതി നല്‍കുകയായിരുന്നു. മാനസികമായി തകര്‍ന്ന പെണ്‍കുട്ടിയെ വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയി. മകളെ ഇനി ആ കോളജിലേക്ക് അയയ്ക്കില്ലെന്നും ഒരു രക്ഷയില്ലാതായപ്പോഴാണു പരാതിപ്പെട്ടതെന്നും രക്ഷിതാവ്പറഞ്ഞു.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോളജ് അധികൃതര്‍ അന്വേഷണം നടത്തി പി. അജില്‍കൃഷ്ണ, പി. അഖില്‍, എ.ആര്‍. രോഹിത് എന്നീ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. സംഭവം പൊലീസില്‍ അറിയിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കെതിരേ ലൈംഗികചൂഷണത്തിനും ആദിവാസികള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തു. തലപ്പുഴ പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയടുത്ത് കേസ് സ്പെഷല്‍ മൊബൈല്‍ സ്‌ക്വാഡിനു കൈമാറി. സ്‌ക്വാഡ് ഡിവൈ.എസ്പി. അവധിയിലായതിനാല്‍ മാനന്തവാടി എ.എസ്പിയാണു കേസ് അന്വേഷിക്കുന്നത്. മലയരയ സമുദായാംഗമായ പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയയാക്കി. കോളജിലെ വനിതാ സെല്‍ സമ്മര്‍ദത്തിനു വഴങ്ങാതെ പരാതി പൊലീസിനു കൈമാറിയതിനാലാണു വിവരം വെളിച്ചത്തായതെന്നാണ് സൂചന.
ക്ലാസ് മുറിയില്‍ ഏതാനും ആണ്‍കുട്ടികള്‍ കാണിച്ച അതിക്രമങ്ങള്‍ പെണ്‍കുട്ടി കോളജ് അധികൃതരോടും പരാതിപ്പെട്ടിരുന്നു. അദ്ധ്യാപകരില്ലാത്ത സമയത്തു ക്ലാസ് മുറിയില്‍ അശ്ലീലചിത്രപ്രദര്‍ശനവും നടത്തിയതായി പെണ്‍കുട്ടി വെളിപ്പെടുത്തി. ദുരുദ്ദേശ്യത്തോടെ ദേഹത്തു സ്പര്‍ശിക്കുക, അടിക്കുക, ലൈംഗികചേഷ്ടകള്‍ കാട്ടുക തുടങ്ങിയ ഉപദ്രവങ്ങളുമുണ്ടായി. ഇത് സ്ഥിരമായി തുടര്‍ന്നു. കഴിഞ്ഞ മൂന്നിന് ഉച്ചയ്ക്കു ചില സഹപാഠികള്‍ ക്ലാസ് മുറിയിലെത്തി ഉപദ്രവിച്ചതോടെ കരഞ്ഞുകൊണ്ട് ഇറങ്ങിയോടിയ പെണ്‍കുട്ടി ക്ലാസ് ചുമതലയുള്ള അദ്ധ്യാപകനോട് പരാതി പറഞ്ഞു.
പ്രതിസ്ഥാനത്തുള്ള ഒരു ആണ്‍കുട്ടിയുടെ രക്ഷിതാവിനെ അദ്ധ്യാപകന്‍ ഫോണില്‍ വിവരമറിയിച്ചു. പരാതിക്കാരിക്കു പ്രതിയുടെ രക്ഷിതാവുമായി സംസാരിക്കാന്‍ ഫോണ്‍ കൈമാറിയതായും ആക്ഷേപമുണ്ട്. പരാതി കൊടുക്കരുതെന്ന് ആ രക്ഷിതാവ് കരഞ്ഞുപറഞ്ഞതിനാല്‍ അവരുടെ മകന്റെ പേര് തല്‍കാലം പുറത്തുവന്നില്ല. വിവരമറിഞ്ഞ് കോളജിലെ വനിതാ സെല്‍ പെണ്‍കുട്ടിയില്‍നിന്നും ഹോസ്റ്റലില്‍ ഒപ്പമുള്ള സഹപാഠികളില്‍നിന്നും മൊഴിയെടുത്തു.
ക്ലാസിലെ ഉപദ്രവം പെണ്‍കുട്ടി തങ്ങളോടു പറഞ്ഞിരുന്നതായി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ വെളിപ്പെടുത്തി. പെണ്‍കുട്ടിയില്‍നിന്നു വിശദമായ മൊഴിയെടുത്തപ്പോഴാണ് ഒരുപ്രതിയുടെ രക്ഷിതാവ് മകന്റെ പേരു പറയരുതെന്ന് അപേക്ഷിച്ച വിവരം വെളിപ്പെട്ടത്. ഇതേത്തുടര്‍ന്നു മൂന്നാമനും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു.
പെണ്‍കുട്ടി മാനസികവും ശാരീരികവുമായ ചൂഷണത്തിനിരയായെന്നു കോളജിലെ വനിതാ സെല്‍ കഴിഞ്ഞ അഞ്ചിന് അധികൃതര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അന്നുതന്നെ മൂന്നു സഹപാഠികളെയും സസ്പെന്‍ഡ് ചെയ്തു. പെണ്‍കുട്ടിയില്‍നിന്നു മജിസ്ട്രേറ്റ് മൊഴിയെടുത്തു.