തിരുവനന്തപുരം: മിച്ചഭൂമി മറിച്ചു വില്‍ക്കുന്ന റാക്കറ്റിനെക്കുറിച്ച് ഏഷ്യനെറ്റ് ന്യൂസ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ വയനാട് ഡെപ്യൂട്ടി കളക്ടര്‍ ടി.സോമനാഥനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ക്ക് റവന്യൂമന്ത്രി നിര്‍ദേശം നല്‍കി. വാര്‍ത്ത പുറത്തു വിട്ട് രണ്ട് മണിക്കൂര്‍ തികയും മുന്‍പാണ് ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായിരിക്കുന്നത്. ആവശ്യക്കാരനെന്ന വ്യാജേന വന്ന റിപ്പോര്‍ട്ടറുടെ കൈയില്‍ നിന്നും ഡെപ്യൂട്ടി കളക്ടര്‍ പണം കൈപ്പറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.വയനാട് സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, വയനാട് ഡെപ്യൂട്ടി കളക്ടര്‍ എന്നിവര്‍ക്ക് നേരിട്ട് പങ്കുള്ള ഭൂമിയിടപാടിന്‍റെ വിവരങ്ങളാണ് ഏഷ്യനെറ്റ് ന്യൂസിന്‍റെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയിരിക്കുന്നത്. മിച്ചഭൂമി സ്വകാര്യഭൂമിയാക്കുന്ന ഭൂമാഫിയ റവന്യൂവകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വാര്‍ത്താ സംഘം വേഷം മാറി വയനാട്ടിലെത്തിയത്. 20 ഏക്കര്‍ മിച്ചഭൂമി റിസോര്‍ട്ടിനായി കിട്ടുമോ എന്നാരാഞ്ഞു കൊണ്ട് ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ജെയിസന്‍ മണിയങ്ങാട് വേഷംമാറി ബ്രോക്കര്‍മാരെ സമീപിച്ചു. ബ്രോക്കര്‍മാര്‍ ഇടനിലക്കാരനായ കുഞ്ഞുമുഹമ്മദ് എന്നയാളുടെ അടുത്തെത്തിച്ചു. പടിഞ്ഞാറതുറ സ്വദേശിയായ കുഞ്ഞുമുഹമ്മദ് 20 ലക്ഷം രൂപ മുടക്കിയാല്‍ കാര്യങ്ങള്‍ ശരിയാക്കാം എന്നറിയിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ടി.സോമനാഥന്‍റെ അടുത്തേക്കാണ് കുഞ്ഞുമുഹമ്മദ് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത്. കളക്ട്രേറ്റിലെ ഡെ.കളക്ടറുടെ ഓഫീസില്‍ വച്ച് ഇടപാടുകളെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് ഓഫീസിന് പുറത്തേക്കിറങ്ങിയ ഡെ.കളക്ടര്‍ കാറിലിരുന്നു റിപോര്‍ട്ടറില്‍ നിന്നും പതിനായിരം രൂപ കൈപ്പറ്റി ഇടപാടുമായി മുന്നോട്ട് പോകാന്‍ നിര്‍ദേശിച്ചു. കുഞ്ഞുമുഹമ്മദിന്‍റെ നിര്‍ദേശം അനുസരിച്ച് കോഴിക്കോട്ടെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ബ്രോക്കര്‍മാരുടെ സാന്നിധ്യത്തില്‍ സ്ഥലമുടമകള്‍ക്ക ടോക്കണ്‍ അഡ്വാന്‍സ് നല്‍കി ഇടപാടുറപ്പിച്ചു.മിച്ചഭൂമിയടക്കം ഏക്കറിന് 12,75,000 രൂപയ്ക്കായിരുന്നു കച്ചവടം. അടുത്ത പടിയായി സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ.ജെ.ബാബുവിനെ പോയി കണ്ടു. ഇടപാടുമായി മുന്നോട്ട് പോകാനും വേണ്ട സഹായങ്ങള്‍ ചെയ്യാമെന്നും അദ്ദേഹം ഉറപ്പു നല്‍കി.അവിടെ നിന്നും അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയുടെ വീട്ടിലേക്ക് കുഞ്ഞുമുഹമ്മദ് നയിച്ചു. ഭാവിയില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ ഇടപെടാല്‍ വരാത്ത രീതിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമന്ന് ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശം പണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പിന്നീട് സംസാരിക്കാം എന്നും ഇടപാടുകള്‍ കുഞ്ഞുമുഹമ്മദുമായി നടത്തിയാല്‍ മതിയെന്നും വിജയന്‍ ചെറുകര പറഞ്ഞു. ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ നിന്നും നേരെ പോയത് ഡെപ്യൂട്ടി കളക്ടറുടെ വീട്ടിലേക്ക്. അവിടെ വച്ച് സിപിഐ ജില്ലാ സെക്രട്ടറി ഡെപ്യൂട്ടി കളക്ടറുമായി ഫോണില്‍ സംസാരിച്ചു. ഫോണ്‍ സംഭാഷണത്തിന് ശേഷം എല്ലാം ശരിയാക്കി തരാം എന്ന് വീണ്ടും ഡെപ്യൂട്ടി കളക്ടറുടെ ഉറപ്പ്. വേറെ പ്രശ്നങ്ങളൊന്നുമില്ലെന്നും രേഖകള്‍ കൈയിലെത്താനുള്ള കാലതാമസം മാത്രമേ കാണൂവെന്നും ഡെപ്യൂട്ടി കളക്ടര്‍ പറഞ്ഞു. മിച്ചഭൂമി സ്വന്തമാക്കാന്‍ ആദ്യം അതിന് കരമടച്ചെന്ന് വരുത്തി തീര്‍ക്കണം അതിനുള്ള രേഖകള്‍ ശരിയാക്കാന്‍ തിരുവനന്തപുരത്ത് പോണമെന്നും ഡെപ്യൂട്ടി കളക്ടര്‍ നിര്‍ദേശിച്ചു. മിച്ചഭൂമി പ്രശ്നമുള്ളതിനാല്‍ കരമടയ്ക്കാനുള്ള തടസ്സം നീക്കി കിട്ടണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം സമര്‍പ്പിക്കണം. കുഞ്ഞുമുഹമ്മദിനൊപ്പം ഞങ്ങള്‍ തിരുവനന്തപുരത്തെ സിപിഐ ആസ്ഥാനമായ എം.എന്‍ സ്മാരകത്തിലെത്തി. അവിടെ നിന്നും സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കാനുള്ള പാസ് കൈപ്പറ്റി. പിന്നെ റവന്യൂ മന്ത്രിയുടെ ഓഫീസിലെത്തി നിവേദനം നല്‍കി. ഇരുപത് ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ നിവേദനത്തിന് റവന്യൂ മന്ത്രിയുടെ ഓഫീസില്‍ നിന്നും മറുപടി കിട്ടി. നിവേദനം വയനാട് കളക്ടര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട് ഇനി വയനാട് കളക്ടറുമായി ബന്ധപ്പെടുക. ഇടപാടിലെ ഇടനിലക്കാരനായ കുഞ്ഞുമുഹമ്മദ് ഞങ്ങളോട് വെളിപ്പെടുത്തിയതുനസരിച്ച് പത്ത് ലക്ഷം രൂപ സിപിഐ ജില്ലാ സെക്രട്ടറിക്കും പത്ത് ലക്ഷം ഡെപ്യൂട്ടി കളക്ടര്‍ക്കും നല്‍കണം. തിരുവനന്തപുരത്തെ കാണേണ്ടവരെയെല്ലാം ജില്ലാ സെക്രട്ടറി കാണുമെന്നും കുഞ്ഞുമുഹമ്മദ് ഉറപ്പ് തന്നിട്ടുണ്ട്. അതായത് ഇരുപത് ലക്ഷം രൂപ കുഞ്ഞുമുഹമ്മദിന് നല്‍കിയാല്‍ വയനാട്ടിലെ ഇരുപത് ഏക്കര്‍ മിച്ചഭൂമി സ്വന്തം.