കൽപ്പറ്റ: നാടിനെ ആകെ കണ്ണീർക്കയത്തിലാക്കി വയനാട്ടിലെ ഉരുൾപൊട്ടൽ. മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 167-ആയി. 98പേരെ കാണാനില്ലെന്നാണ സർക്കാർ ഔദോഗീകമായി നൽകുന്ന വിവരം. എന്നാൽ 200പേരെയോളം കാണാനില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇരുപത് മണിക്കൂണിറിലേറെ നീണ്ട രക്ഷാപ്രവർത്തനം പ്രതികൂല കാലാവസ്ഥയും ഗതാഗക സംവിധാനങ്ങളുടെ കുറവും മൂലം ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് അവസാനിപ്പിച്ചിച്ചത്. എട്ട് ക്യാമ്പുകളിലായി 1222 പേരാണ് കഴിയുന്നത്.
ചൂരൽമലയിൽ ആറ് മണിയോടെ സൈന്യം രക്ഷാദൗത്യം തുടങ്ങി. നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യമെത്തും. അഗ്‌നിശമനസേനയുടെ തിരച്ചിൽ ഏഴ് മണിയോടെ തുടങ്ങി. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരിഗണന. രക്ഷാദൗത്യത്തിനായി നിരവധി സന്നദ്ധപ്രവർത്തകരും സ്ഥലത്തുണ്ട്.
അർധരാത്രിയിലെ ഉരുൾപൊട്ടൽ ഒന്നുമറിയാതെ കിടന്നുറങ്ങിയ നിരവധിപേരുടെ ജീവനുകളാണ് കവർന്നെടുത്തത്. വൈത്തിരി താലൂക്കിലെ മേപ്പാടി മുണ്ടക്കൈയും ചൂരൽമലയും കേരളത്തിന്റെ കണ്ണീരായി മാറുകയാണ്. ആർത്തലച്ചെത്തിയ മലവെള്ളപാച്ചിലിൽ എത്ര ജീവനുകൾ കുടുങ്ങിയിട്ടുണ്ടെന്നും നിശ്ചയമില്ല.