കൽപ്പറ്റ :വയനാട് മുണ്ടക്കൈ ദുരന്തം; മരണം 135 ആയി, 66പേരെ തിരിച്ചറിഞ്ഞു. 116 പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. രക്ഷാപ്രവർത്തനം പുലർച്ചെ പുനഃരാരംഭിക്കും. 800ൽ അധികം പേരെ മുണ്ടക്കൈയിൽ നിന്ന് രക്ഷിച്ചതായി രക്ഷാപ്രവർത്തകർ അറിയിച്ചു. കുടുങ്ങിക്കിടന്ന മുഴുവൻ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
ദുരന്തത്തിൽ മരിച്ച 66 പേരെ തിരിച്ചറിഞ്ഞു. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുകയാണ്. 100 ഓളം അളുകളെക്കുറിച്ച് വിവരമില്ല. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത. രക്ഷാ പ്രവർത്തനത്തിന് കൂടുതൽ സൈനികർ എത്തുന്നു. വയനാട്ടിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചതായി ഫയര്‍ ഫോഴ്സ് അറിയിച്ചു. ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ നിന്നാണ് ആളുകളെ രക്ഷിച്ചത്. ഈ മേഖലയിൽ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ചു. പിന്നീട് മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി.
രക്ഷാപ്രവര്‍ത്തനം നിര്‍ത്തി. രാവിലെ ഏഴ് മണിയോടെ തെരച്ചിൽ പുനരാരംഭിക്കും. ദുരന്തഭൂമിയിൽ കാണാതായവരുടെ എണ്ണം സംഭവിച്ച് കൃത്യമായ കണക്കില്ല. മുണ്ടകൈയിൽ രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ എത്തിച്ചിരുന്നു. പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്തു. അതിസാഹസികമായാണ് ഹെലികോപ്റ്റർ ദുരന്തഭൂമിയിലേക്ക് ലാൻഡ് ചെയ്തത്. കരസേനയുടെ 130 അംഗ സംഘംദുരന്തഭൂമിയിലെത്തിയിരുന്നു.
ദുരന്തത്തിൻ്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമുട്ടം ഭാഗത്തേക്ക് മണിക്കൂറുകളെടുത്ത് താത്കാലിക പാലം ഉണ്ടാക്കി. കയര്‍ കെട്ടി അവിടേക്ക് കടക്കാൻ വഴിയൊരുക്കി. 200 ഓളം പേര്‍ അവിടെ പലയിടത്തായി അഭയം തേടിയിരുന്നു. അവരെയെല്ലാം വൈകുന്നേരത്തോടെ രക്ഷിച്ച് താഴേക്ക് എത്തിച്ചു. രക്ഷാദൗത്യം നടത്തിയ സംഘത്തിന് വിവരം ലഭിച്ച എല്ലാ ഇടത്തുനിന്നും കുടുങ്ങിക്കിടന്നവരെ രക്ഷിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ ഇപ്പോഴും പല ഭാഗത്തായി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളും അടക്കം നൂറോളം പേര്‍ പ്രദേശത്തെ ഒരു മുസ്ലിം പള്ളിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.