ശ്രുതി ഇനി സർക്കാർ ഉദ്യോഗസ്ഥ, ജോലിയിൽ പ്രവേശിച്ചു.മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങായതിൽ എല്ലാവർക്കും നന്ദിയെന്ന് ശ്രുതി

കൽപ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും പിന്നീട് നടന്ന വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇനി സർക്കാർ ഉദ്യോഗസ്ഥ. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ് ശ്രുതിക്ക് നിയമനം. അൽപ്പസമയം മുമ്പ് വയനാട് കളക്ടറേറ്റിലെത്തി ശ്രുതി ജോലിയിൽ പ്രവേശിച്ചു. റവന്യൂ വകുപ്പിലെ തപാൽ വിഭാഗത്തിൽ ആയിരിക്കും ശ്രുതി ജോലി ചെയ്യുക. സർക്കാർ ജോലിയുടെ മാനദണ്ഡങ്ങൾ പൂ‍ർത്തിയാക്കിയ ശ്രുതി ഒപ്പം നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്ന് പ്രതികരിച്ചു. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്താണ് വയനാട് കളക്ടറേറ്റിൽ നിയമനം നൽകിയത്. നിലവിൽ ചെയ്തിരുന്ന ജോലി തുടരാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ ജോലി ശ്രുതി ആഗ്രഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രുതിക്ക് ജോലി നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്.

എല്ലാവരോടും നന്ദിയുണ്ടെന്ന് ശ്രുതി മാധ്യമങ്ങളോട് പറഞ്ഞു. മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങായതിൽ സന്തോഷമുണ്ട്. ഓരോരുത്തരേയും എടുത്തുപറയേണ്ട കാര്യമില്ല. എല്ലാവരും ഒരുപോലെ സഹായിച്ചിട്ടുണ്ട്. മന്ത്രി കെ രാജൻ അഭിനന്ദനം അറിയിച്ചിരുന്നു. ശരീരത്തിന് വിശ്രമം പറഞ്ഞിട്ടുണ്ട്. അധിക ദൂരം നടക്കാൻ പാടില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ജോലിയ്ക്ക് വരുമെന്നും ശ്രുതി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചൂരല്‍മലയിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായത്. ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. കുടംബത്തിലെ 9 പേരാണ് അന്ന് ഒരുമിച്ച് മരണത്തിലേക്ക് ഒഴുകിപ്പോയത്. പിന്നാലെ വാഹനാപകടത്തില്‍ പ്രതിശ്രുത വരൻ ജെൻസണും മരിച്ചു. അപകടത്തില്‍ രണ്ട് കാലും ഒടിഞ്ഞ ശ്രുതി ഇപ്പോള്‍ കല്‍പ്പറ്റയില്‍ ബന്ധുക്കളോടൊപ്പമാണ് കഴിയുന്നത്. അപകടത്തിലേറ്റ പരുക്കിൽ നിന്ന് പതിയെ കരകയറുകയാണ് ശ്രുതി. മാസങ്ങള്‍ നീളുന്ന വിശ്രമം കൊണ്ട് മാത്രമേ സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ ശ്രുതിക്കാകൂ.

Top