വൈത്തിരിയിലെ റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. റിസോര്‍ട്ടിന് സമീപം കമഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 2 പൊലീസുകാര്‍ക്കും പരുക്കുണ്ട്. വെടിവെയ്പ് പുലര്‍ച്ച വരെ നീണ്ടു. പ്രദേശത്ത് കൂടുതല്‍ പൊലീസ് എത്തും. നാലംഗ മാവോയിസ്റ്റ് സംഘമാണ് പൊലീസുമായി ഏറ്റുമുട്ടിയത്. വൈത്തിരി ലക്കിടിക്കു സമീപം ഉപവന്‍ റിസോര്‍ട്ടില്‍ ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. ദേശീയപാതയോരത്തെ റിസോര്‍ട്ടിലെത്തിയ അഞ്ചംഗ മാവോയിസ്റ്റ് സംഘം 50,000 രൂപയും 10 പേര്‍ക്കു ഭക്ഷണവും ആവശ്യപ്പെട്ടു. റിസോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നു പൊലീസ് സംഘം സ്ഥലത്തെത്തി.
മാവോയിസ്റ്റ് സംഘവും പൊലീസും നേര്‍ക്കുനേര്‍ വെടിവയ്പ്പുണ്ടായി. മാവോയിസ്റ്റുകള്‍ റിസോര്‍ട്ടിലെ താമസക്കാരെ ബന്ദികളാക്കി. ഇതോടെ തണ്ടര്‍ബോള്‍ട്ട് സേനയും സ്ഥലത്തെത്തി. റിസോര്‍ട്ട് വളഞ്ഞ പൊലീസ് തണ്ടര്‍ബോള്‍ട്ട് സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രാത്രി വൈകിയും തുടര്‍ന്നു. ബഹളത്തിനിടെ മാവോയിസ്റ്റ് സംഘത്തിലെ ചിലര്‍ സമീപത്തെ കാട്ടിലേക്കു കടന്നുവെന്ന വിവരത്തെത്തുടര്‍ന്ന് അവിടെയും തിരച്ചില്‍ നടത്തുകയാണ്.
പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. പ്രദേശത്തെ ആദിവാസി കോളനികളില്‍ തമ്ബടിച്ച ശേഷമാണു മാവോയിസ്റ്റുകള്‍ റിസോര്‍ട്ടിലേക്കെത്തിയതെന്നും വൈത്തിരി അംബ സുഗന്ധഗിരി മേഖലയില്‍ പൊലീസ് ഔട്ട്‌പോസ്റ്റ് ആരംഭിച്ചതിനു പ്രതികാരമായാണ് റിസോര്‍ട്ട് ആക്രമണമെന്നും പൊലീസ് പറഞ്ഞു. വേല്‍മുരുകന്‍ കൊല്ലപ്പെട്ടുവെന്ന് രഹസ്യാന്വേഷണ ഏജന്‍സി പറയുന്നുണ്ട്. എന്നാല്‍, പൊലീസ് ഇത് സ്ഥിരീകരിച്ചില്ല. മാവോയിസ്റ്റുകള്‍ എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസും തണ്ടര്‍ബോള്‍ട്ടും പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നു. പ്രദേശത്ത് പൊലീസും തണ്ടര്‍ബോള്‍ട്ടും തിരച്ചില്‍ ശക്തമാക്കി. മാവോയിസ്റ്റുകള്‍ സമീപത്തെ കാട്ടിനുള്ളിലേക്ക് കടക്കുകയും ഇവിടെവെച്ച് വേല്‍മുരുകന്‍ കൊല്ലപ്പെട്ടെന്നുമാണ് പൊലീസ് പറയുന്നത്.
കോഴിക്കോട്-ബെംഗളൂരു ദേശീയപാതയില്‍ ഗതാഗതത്തെ സംഘര്‍ഷം ബാധിച്ചിട്ടുണ്ട്. റിസോര്‍ട്ടിനുള്ളില്‍നിന്നു രാത്രി വൈകിയും വെടിശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ മുമ്ബും സായുധരായ മാവോവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വൈത്തിരി, സുഗന്ധഗിരി, അമ്ബ തുടങ്ങിയ പ്രദേശങ്ങളില്‍ ദിവസങ്ങള്‍ക്കുമുമ്‌ബേ മാവോവാദികള്‍ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെത്തിയ മാവോവാദികള്‍ സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയും മാവോവാദി അനുകൂല പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച പൊഴുതന സേട്ടുക്കുന്നില്‍ വീണ്ടും മാവോവാദികളെത്തുകയും സമീപത്തെ വീട്ടില്‍നിന്ന് കട്ടന്‍ചായ വാങ്ങി മടങ്ങുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കാനായി പൊലീസ് സുഗന്ധഗിരിയില്‍ പൊലീസ് ഔട്ട് പോസ്റ്റ് തുറന്നിരുന്നു.