
കല്‍പറ്റ: കനത്ത മഴയെ തുടര്‍ന്ന് വയനാട്ടില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളില്‍ അതീവ ജാഗ്രതാ പുലര്‍ത്തണമെന്ന് അതോറിറ്റി നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നാവിക സേനയും മൂന്ന് സംഘവും ഹെലികോപടറുമുണ്ട്. രണ്ട് ദിവസങ്ങളിലായി 398.71 എം.എം മഴയാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. വൈത്തിരിയില്‍ ഉരുള്‍പൊട്ടലില്‍ വീട്ടമ്മ മരണപ്പെട്ടു. ജില്ലയിലെ പുഴകള്‍ നിറഞ്ഞ് പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. നിരവധിപേരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. താമരശ്ശേരി, വടകര, പാല്‍ച്ചുരം എന്നീ ചുരങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. വാഹനങ്ങള്‍ ചുരങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.