എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു. കാക്കനാട്ടെ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കാക്കനാട് സ്കൂളിലെ 1, 2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് രോഗബാധ ഉണ്ടായത്. മൂന്ന് കുട്ടികൾ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് അധികൃതർ വ്യക്തമാക്കി.
രണ്ട് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 67 കുട്ടികളില്‍ സമാനമായ ലക്ഷണങ്ങള്‍ കണ്ടെത്തി.സ്കൂളില്‍ നിന്നല്ല രോഗ ഉറവിട എന്നാണ് നിഗമനം. സ്കൂളിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
വൈറസ് ബാധയുള്ള കുട്ടി സ്കൂളില്‍ വന്നതാണ് മറ്റു കുട്ടികള്‍ക്ക് പകരാന്‍ കാരണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്.കൂടുതല്‍ കുട്ടികളിലേക്ക് പകരാതിരിക്കാന്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കി. രോഗബാധ ഉള്ള കുട്ടികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
എന്താണ് നോറോ വൈറസ് ?
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസാണ് നോറോ വൈറസ്. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.
രോഗം പകരുന്നതെങ്ങനെ?
നോറോ വൈറസ് ഒരു ജലജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.