സ്‌റ്റോക്ക്‌ഹോം:വില്യം സി കാംബല്‍, സതോഷി ഒമുറ, യുയു ടു എന്നീ മൂന്ന് ഗവേഷകര്‍ ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരങ്ങള്‍ പങ്കിട്ടു. അയര്‍ലണ്ട് സ്വദേശിയായ വില്യം സി. കാംബെല്‍, ജാപ്പനീസ് സ്വദേശി സതോഷി ഒമുറ, ചൈനീസ് സ്വദേശിനി യുയൂ ടു എന്നിവര്‍ക്കാണ് പുരസ്‌കാരം. നാടവിരയുടെ ആക്രമണത്തെ തുടര്‍ന്നുള്ള സാംക്രമിക രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള ചികിത്സയില്‍ നിര്‍ണായക കണ്ടുപിടുത്തം നടത്തിയതാണ് കാംബെല്ലിനെയും ഒമൂറയെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. മലേറിയ പ്രതിരോധത്തിനുള്ള മരുന്നു കണ്ടുപിടുത്തമാണ് യുയുവിനെ പുരസ്‌കാരത്തിലേക്ക് എത്തിച്ചത്.വര്‍ഷംതോറും ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഈ രോഗങ്ങള്‍ക്കെതിരായ ശക്തമായ പോരാട്ടത്തില്‍ ഈ കണ്ടുപിടുത്തങ്ങള്‍ മാനവകുലത്തിന് പുതിയ മാര്‍ഗങ്ങള്‍ നല്‍കുമെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി.
പരാദവിരകള്‍ വഴിയുണ്ടാകുന്ന റിവര്‍ ബ്ലൈന്‍ഡ്‌നസ് ( River Blindness ), മന്ത് ( Lymphatic Filariasis ) എന്നീ രോഗങ്ങള്‍ ചികിത്സിക്കാന്‍ ‘അവര്‍മെക്ടിന്‍’ ( Avermectin ) എന്ന ഔഷധം വികസിപ്പിച്ചവരാണ് വില്യം കാംബലും സതോഷി ഒമുറയും. രോഗബാധ കുറയ്ക്കാന്‍ വലിയതോതില്‍ ഈ ഔഷധം പ്രയോജനപ്പെട്ടു.
മറ്റൊരു പരാദരോഗമായ മലമ്പനിക്ക് ‘ആര്‍ട്ടമിസിനിന്‍’ ( Artemisinin ) എന്ന ഔഷധം വികസിപ്പിച്ച ഗവേഷകയാണ് യുയു ടു. ഈ ഔഷധത്തിന്റെ സഹായത്തോടെ മലേറിയ മരണനിരക്ക് വലിയ തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞു.
ലോകമെമ്പാടും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തിന് ഗുണപരമായ മാറ്റം വരുത്താന്‍ ഈ മൂന്ന് ഗവേഷകരുടെയും പ്രവര്‍ത്തനം ഇടയാക്കിയെന്ന്നൊബേല്‍ കമ്മറ്റി വിലയിരുത്തി.
മലമ്പനിയും മന്തും പോലുള്ള കൊതുകുകള്‍ പരത്തുന്ന പരാദരോഗങ്ങള്‍ ഇന്ത്യയും ബംഗ്ലാദേശും പോലുള്ള ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമാണ് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. ഉഷ്ണമേഖലാ പ്രദേശത്ത് താമസിക്കുന്ന ലക്ഷങ്ങള്‍ക്ക് ഇത്തവണത്തെ നൊബേല്‍ ജേതാക്കളുടെ കണ്ടുപിടിത്തം പ്രയോജനം ചെയ്തിട്ടുണ്ട്.
ലോകത്താകമാനം 10 കോടി ആളുകളെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നമാണ് മന്ത്. ഭൂമുഖത്ത് ഏതാണ്ട് 340 കോടി പേര്‍ മലമ്പനി ഭീഷണി നേരിടുന്നുവെന്നാണ് കണക്ക്. വര്‍ഷംതോറും 4.5 ലക്ഷം പേരുടെ ജീവന്‍ മലമ്പനി കവരുന്നു.
ഈ പരാദരോഗങ്ങള്‍ക്ക് ചികിത്സ കണ്ടെത്താന്‍ പതിറ്റാണ്ടുകളോളം ഗവേഷകര്‍ ശ്രമിച്ചെങ്കിലും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തില്‍ ഇത്തവണത്തെ നൊബേല്‍ ജേതാക്കള്‍ നടത്തിയ കണ്ടെത്തലുകള്‍ വലിയ മുന്നേറ്റമായിരുന്നു.
ബെയ്ജിങ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഫാര്‍മസി വകുപ്പില്‍നിന്ന് ബിരുദം നേടിയ പ്രൊഫ.യുയു ടു, മലേറിയയ്ക്ക് മരുന്ന് കണ്ടെത്താന്‍ പരമ്പരാഗത ഔഷധങ്ങളുടെ സാധ്യതയാരായുകയാണ് ചെയ്തത്. ‘അര്‍റ്റെമിസിയ അനുവ’ ( Artemisia annua ) എന്ന സസ്യത്തിന്റെ സത്ത് അവര്‍ മലമ്പനിക്കെതിരെ പരീക്ഷിക്കാന്‍ തുടങ്ങി.
മലമ്പനി പരാദങ്ങളെ നശിപ്പിക്കാന്‍ ആ ഔഷധത്തിന് (പിന്നീടതിന് ‘ആര്‍ട്ടമിസിനിന്‍’ എന്ന് പേരിട്ടു) ശേഷിയുണ്ടെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞു. ഇന്ന് മറ്റ് മലമ്പനി ഔഷധങ്ങള്‍ക്കൊപ്പം ഇതും ലോകമെങ്ങും ഉപയോഗിക്കപ്പെടുന്നു. ആഫ്രിക്കയില്‍ മാത്രം ഇതുവഴി വര്‍ഷംതോറും ഒരുലക്ഷം പേരുടെ ജീവന്‍ രക്ഷിക്കുന്നു എന്നാണ് കണക്ക്.
1930 ല്‍ ജനിച്ച യുയു ടൂ, വൈദ്യശാസ്ത്ര നൊബേലിന് അര്‍ഹയാകുന്ന പതിമൂന്നാമത്തെ വനിതയാണ്, ചൈനയില്‍ നിന്ന് വൈദ്യശാസ്ത്ര നൊബേല്‍ നേടുന്ന ആദ്യ വ്യക്തിയും.
1930 ല്‍ ഐര്‍ലന്‍ഡിലെ രാമെല്‍ട്ടനില്‍ ജനിച്ച വില്ല്യം കാംബല്‍, വിസ്‌കോന്‍സിന്‍ സര്‍വകലാശാലയില്‍ നിന്ന് 1957 ലാണ് പിഎച്ച്ഡി നേടിയത്. 1935 ല്‍ ജപ്പാനില്‍ ജനിച്ച സതോഷി ഒമുറ, ടോക്യോ സര്‍വകലാശാലയില്‍നിന്ന് 1970 ല്‍ പിഎച്ച്ഡി നേടി.