
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ ടാലെന്റ് ഷോ വർണ്ണാഭവും പ്രൗഢോജ്വലവുമായി. പമേഴ്‌സ്‌ടൗൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ ഗ്ലോബൽ വൈസ് പ്രസിഡന്റും, അയർലണ്ട് ചെയർപേഴ്സനുമായ ജീജ ജോയി അധ്യക്ഷത വഹിച്ചു. വനിത ഫോറത്തിന്റെ രൂപീകരണം മുതലുള്ള വിവിധ പ്രവർത്തനങ്ങൾ ജീജ വിശദീകരിച്ചു.

വേൾഡ് മലയാളി കൗൺസിൽ പി ആർ ഒയും, അയർലണ്ട് പ്രോവിൻസിന്റെ ആദ്യത്തെ ചെയർമാനുമായ രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയൻ വൈസ് ചെയർമാൻ ബിജു ഇടക്കുന്നത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.

വിനീറ്റയും സംഘവും അവതരിപ്പിച്ച പ്രാർഥന ഗാനത്തിനു ശേഷം നൂറോളം അംഗങ്ങൾ സ്റ്റേജിൽ എത്തി പ്രതിജ്ഞ എടുത്ത് തിരി തെളിച്ചു. ലോഗോ പ്രകാശനം ജീജ ജോയിയും ജൂഡി ബിനുവും ചേർന്ന് നിർവഹിച്ചു.

തുടർന്ന് ഫിജി സാവിയോയുടെ കുച്ചിപ്പുടിയോടെ കലാപരിപാടികൾക്ക് തുടക്കമായി.ഏയ്ഞ്ചെൽ ജോഫിൻ മനോഹരമായി സെമി ക്ലാസ്സിക് ഡാൻസ് അവതരിപ്പിച്ചു. അയർലണ്ട് ബട്ടർഫ്ലൈസിന്റെ ബാനറിൽ മഞ്ജു റിന്റോ, സോണിയ, ലിംസി, ലിഞ്ജു എന്നിവർ അവതരിപ്പിച്ച സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ് മനോഹരമായി.

ഡാൻസിങ് ഡാഫോഡിൽസിന്റെ ബാനറിൽ ലീന ജയനും സംഘവും അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസും ഹൃദ്യമായി. ഷിജി ജോജി, മഞ്ജു ബിനോയി എന്നിവർ ആലപിച്ച ഗാനങ്ങളും ഏറെ ശ്രദ്ധേയമായി.


നാടോടി നൃത്തം അവതരിപ്പിച്ച് ഡെൽനയും സംഘവും ,ബോളിവുഡ് സിനിമാറ്റിക് ഡാൻസ് അവതരിപ്പിച്ച് രവിതയും, ലിന്റോയും കാണികളെ ആവേശത്തിലാക്കി.

ഗൃഹാതുരത്വസ്മരണകൾ അയവിറക്കി പഴയ സ്കൂൾ ഓർമ്മകൾ സമന്വയിപ്പിച്ച് ഏലിയാമ്മ ജോസഫിന്റെയും, ഓമന വിൻസെന്റിന്റെയും, ജീജ ജോയിയുടെയും നേതൃത്വത്തിൽ പന്ത്രണ്ടു പേർ അവതരിപ്പിച്ച ‘പള്ളിക്കൂടം ‘തമാശകൾ ഏറെ ചിരിയും ചിന്തയും പടർത്തി.

പഞ്ചാബി- മലയാളി കല്യാണം പ്രമേയമാക്കി ഷീബയും സംഘവും അവതരിപ്പിച്ച കോമഡി സ്കിറ്റ് ഏറെ രസകരമായിരുന്നു.ഇൻഡോ – വെസ്റ്റേൺ തീമിൽ മഞ്ജുവിന്റെ നേതൃത്വത്തിൽ പത്ത് പേർ അവതരിപ്പിച്ച ഫാഷൻ ഷോയ്ക്ക് മികച്ച പ്രതികരണമാണ് സദസ്സിൽ നിന്നും ലഭിച്ചത്. ലീന ജയന്റെ നേതൃത്വത്തിൽ നടത്തിയ ഫ്ലാഷ് മോബിലും നിരവധി പേർ പങ്കാളികളായി.

ഗാനങ്ങളും, നൃത്തനൃത്യങ്ങളും, വിനോദവും നിറഞ്ഞ പരിപാടി ആസ്വദിക്കുവാൻ ഇരുന്നൂറോളം പേർ എത്തിയിരുന്നു.

പരിപാടികൾക്ക് ചെയർ പേഴ്സൺ ജീജ ജോയി, പ്രസിഡണ്ട് ജൂഡി ബിനു, സെക്രട്ടറി ലീന ജയൻ, യൂറോപ്പ് പ്രതിനിധി രാജി ഡോമിനിക്, വൈസ് ചെയർപേഴ്സൺ ഫിജി സാവിയോ, ട്രഷറർ ഏലിയാമ്മ ജോസഫ്, കോ ട്രഷറർ ജാൻസി ജോൺസൺ, അസോസിയേറ്റ് സെക്രട്ടറി ബിന്ദു ബിനോയ്, പി ആർ ഒ ബിനില ജിജോ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഓമന വിൻസെന്റ്, ജെയ്സി ബിജു തുടങ്ങിയവർ നേതൃത്വം നൽകി.

മഞ്ജു റിന്റോ, ഏയ്ഞ്ചൽ ജോഫിൻ, ലിൻസി സുരേഷ്, രവിത ഷെബിൻ, ലിന്റോ തോമസ്, രഞ്ജന മാത്യു, ഷീബ ഷാറ്റ്സ് എന്നിവരായിരുന്നു ടാലെന്റ് ഷോ കമ്മിറ്റി അംഗങ്ങൾ.



രാജി ഡൊമിനിക്, ലീന ജയൻ, ജൂഡി ബിനു ലിന്റോ തോമസ് എന്നിവരായിരുന്നു അവതാരകർ.പ്രസിഡണ്ട് ജൂഡി ബിനു നന്ദി പറഞ്ഞു.ഡിന്നറും ഒരുക്കിയിരുന്നു.ടെററേറിയം, കേക്ക്, ഓർണമെൻറ്സ്, റെഡിമെയ്ഡ് ഗാർമെൻറ്സ് തുടങ്ങിയ സ്റ്റാളുകളും ഉണ്ടായിരുന്നു.


ജോസഫ് കളപ്പുരക്കൽ, ഡെയിലി ഡിലൈറ്റ്, വിശ്വാസ് ഫുഡ്സ്, സ്‌പൈസ് വില്ലേജ്,കോൺഫിഡന്റ് ട്രാവൽസ്, യൂറേഷ്യ, മഞ്ജു ബേക്സ്, എൽസ കളക്ഷൻസ് എന്നിവരായിരുന്നു പരിപാടിയുടെ സ്പോൺസേഴ്സ്.