കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ ആരോപണമുന്നയിച്ച മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിനെതിരെ പരാതിയുമായി വീട്ടമ്മ. ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയെന്നാണ് കണ്ണോത്തുംചാല്‍ സ്വദേശിയായ സത്യവതിയുടെ പരാതി. മകള്‍ക്ക് അധ്യാപക ജോലി വാഗ്ദാനം ചെയ്താണ് 15 ലക്ഷം രൂപ തട്ടിയതെന്ന് പരാതിയില്‍ പറയുന്നു.
മൊറാഴ സ്‌കൂളില്‍ ഒരു വേക്കന്‍സി ഉണ്ടെന്നാണ് പറഞ്ഞത്. 2018 ലാണ് പണം നല്‍കിയത്. 15 ലക്ഷം രൂപ പ്രശാന്ത് ബാബുവിന് നല്‍കി. പ്രശാന്ത് ബാബു തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു. വഞ്ചന മനസിലായപ്പോള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 2 ലക്ഷം വീതം ഒരോ മാസവും നല്‍കാമെന്ന് ഉറപ്പ് പറഞ്ഞിരുന്നു എന്നും പരാതിക്കാരി വെളിപ്പെടുത്തി. പണം തിരികെ ചോദിച്ചപ്പോള്‍ ഗുണ്ടകളെ അയക്കും എന്ന് ഭീഷണിപെടുത്തി.
പ്രശാന്ത് ബാബുവും സംഘവും പണം കൈപ്പട്ടിയതിനു തെളിവുകള്‍ ഉണ്ടെന്നും സത്യവതി പറയുന്നു. റിട്ടയര്‍ഡ് നഴ്‌സിംഗ് സുപ്രണ്ട് ആണ് ഇവര്‍. ജോലി ലഭിക്കാതെ വന്നപ്പോള്‍ സ്‌കൂളില്‍ അന്വേഷിച്ചു. എന്നാല്‍ മാനേജര്‍ പറഞ്ഞത് പണം തന്നില്ല എന്നാണ്. പ്രശാന്ത് ബാബു അയച്ച ആള്‍ ആണ് പണം പലതവണയായി കൈപ്പറ്റിയതെന്നും സത്യവതിയുടെ വെളിപ്പെടുത്തല്‍. പ്രശാന്ത് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കെ സുധാകരനെതിരെ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.