ലണ്ടന്‍: വിമാനത്തില്‍ കയറി സംസാരിക്കുമ്പോള്‍ സൂക്ഷിക്കുക. തങ്ങളുടെ ശാരീരിക അവസ്ഥകളെക്കുറിച്ചുള്ള സംഭാഷണം ടീച്ചിങ് അസിസ്റ്റന്റിനെയും അവരുടെ പുരുഷ സുഹൃത്തിനെയും വിമാനത്തില്‍ നിന്നും ഇറക്കി വിടാന്‍ കാരണമായി. പിരിയഡിനെ തുടര്‍ന്ന് വയറിന് വേദനയാണ് എന്ന് ബോയ്ഫ്രണ്ടിനോട് പറഞ്ഞതിനെത്തുടര്‍ന്നാണ് അസാധാരണ സംഭവവികാസമുണ്ടായത്.
പിരിയഡിനെ തുടര്‍ന്ന് തനിക്ക് കടുത്ത വയറുവേദനയുണ്ടെന്ന് യുവതി ബോയ്ഫ്രണ്ടിനോട് പറയുന്നത് ഒരു എയര്‍ ഹോസ്റ്റസ് കേട്ടതിനെ തുടര്‍ന്നായിരുന്നു ഇവരെ ഇറക്കി വിട്ടത്.ബെത്ത് ഇവാന്‍സ്(24), ജോഷ് മോറന്‍(26) എന്നിവര്‍ക്കാണീ ഗതികേടുണ്ടായിരിക്കുന്നത്. വയറുവേദനയുണ്ടെന്ന് പറഞ്ഞ ഇവാന്‍സിനോട് ആരോഗ്യസ്ഥിതി ചോദിച്ചറിയാന്‍ എയര്‍ഹോസ്റ്റസ് എത്തിയിരുന്നു.
ഏഴ് മണിക്കൂര്‍ യാത്രക്ക് അനുവദിക്കുന്നതിന് മുമ്പ് ഇവാന്‍സിനെ വൈദ്യപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്നും അതിനാല്‍ ഈ വിമാനത്തില്‍ കൊണ്ട് പോവേണ്ടതില്ലെന്നും എമിറേറ്റ്സ് ക്രൂ പിന്നീട് തീരുമാനമെടുക്കുകയും അവരെ ഈ വിമാനത്തില്‍ നിന്നിറക്കുകയുമായിരുന്നു. യാത്രക്കിടെ വയറുവേദന രൂക്ഷമായി വിമാനം ഇടക്ക് നിലത്തിറക്കേണ്ടി വരുമെന്ന ഭയത്താലാണ് ക്രൂ ഈ തീരുമാനമെടുത്തതെന്നും സൂചനയുണ്ട്.
വൈദ്യപരിശോധന നടത്താന്‍ വിമാനത്തില്‍ ഒരു ഡോക്ടറെ എളുപ്പത്തില്‍ ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇവരെ ഈ വിമാനത്തില്‍ നിന്നിറക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് ഇത്തരത്തില്‍ ഇവരെ എ 380 വിമാനത്തില്‍ നിന്നുമിറക്കിയത്. തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ ദുബായിലേക്ക് പോകാന്‍ ഇരുവരും ബുകക്ക് ചെയ്യേണ്ടിയും വന്നു. പിരിയേഡിനെ തുടര്‍ന്നുള്ള വയറുവേദനയെ തുടര്‍ന്ന് തങ്ങളെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടത് ശുദ്ധ ഭ്രാന്താണെന്നാണ് ബാര്‍ബറായി ജോലി ചെയ്യുന്ന മോറന്‍ പ്രതികരിച്ചിരിക്കുന്നത്. എയര്‍ഹോസ്റ്റസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ബെത്ത് ഇവാന്‍സ് കടുത്ത പരിഭ്രാന്തിയിലായിരുന്നുവെന്നും കരഞ്ഞ് പോയിരുന്നുവെന്നും മോറന്‍ വെളിപ്പെടുത്തുന്നു.
കാബിന്‍ക്രൂ യുഎസിലുള്ള അവരുടെ മെഡിക്കല്‍ ടീമുമായി ഫോണില്‍ ബന്ധപ്പെടുകയും ഇതിനെ തുടര്‍ന്ന് ഇവാന്‍സിനെ കൊണ്ടു പോകേണ്ടെന്ന് തീരുമാനിക്കുകയുമായിരുന്നു. യാത്രക്കിടെ ആരോഗ്യസ്ഥിതി മോശമാകുമെന്ന് ആശങ്കയുള്ള യാത്രക്കാരെ കൊണ്ടു പോകാതിരിക്കാന്‍ എയര്‍ലൈനുകള്‍ക്ക് അധികാരമുണ്ട്. ഏതെങ്കിലും യാത്രക്കാര്‍ക്ക് ഗുരുതരമായ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ വിമാനജോലിക്കാര്‍ ഇക്കാര്യം പൈലറ്റിനെ അറിയിക്കുകയും പതിവാണ്. ഇത്തരംസന്ദര്‍ഭത്തില്‍ വിമാനത്തില്‍ നിന്നും ഇറക്കുന്ന യാത്രക്കാര്‍ക്ക് പണം തിരിച്ച് കൊടുക്കാന്‍ വിമാനക്കമ്പനിയെ നിഷ്‌കര്‍ഷിക്കുന്ന ശക്തമായ നിയമങ്ങളുമില്ല.