കൽപറ്റ: വയനാട് മേപ്പാടിയില്‍ റിസോര്‍ട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ മറ്റ് റിസോര്‍ട്ടുകളിലും പരിശോധന നടത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. മേപ്പാടി,900 കണ്ടി മേഖലകളില്‍ അനുമതിയില്ലാതെ ടെന്റ് ടൂറിസം ഉള്‍പ്പെടെ സജീവമാകുന്നെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.വയനാട് മേപ്പാടിയിൽ സ്വകാര്യ റിസോർട്ടിന്റെ ടെന്റിൽ താമസിക്കുകയായിരുന്ന യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ റിസോർട്ട് പൂട്ടാൻ ജില്ലാ കളക്ടർ അദീല അബ്ദുള്ള ഉത്തരവിട്ടു. സുരക്ഷാ പ്രശ്നങ്ങൾ ഉള്ള മറ്റ് റിസോർട്ടുകൾക്കെതിരെയും നടപടി ഉണ്ടാകുമെന്ന് കളക്ടർ അറിയിച്ചു.
മേപ്പാടി എളമ്പിലേരിയിലെ റെയിൻ ഫോറസ്റ്റ് റിസോർട്ടിൽ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ സുരക്ഷാവീഴ്ച പരിശോധിക്കുമെന്നും കളക്ടർ വ്യക്തമാക്കി. അപകടം നടന്ന സ്ഥലത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചിരുന്നില്ലെന്നും സുരക്ഷാവീഴ്ച ഉണ്ടായെന്നുമുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ.
വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ തയാറാക്കിയിരുന്ന ടെന്റുകൾക്ക് സമീപമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. റിസോർട്ടിന്റെ മൂന്നുവശവും കാടാണ്. ടെന്റ് കെട്ടിയുള്ള റിസോര്‍ട്ടിന്‍റെ പ്രവര്‍ത്തനം ദുരന്തനിവാരണ അതോറിറ്റി പരിശോധിക്കുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. റെയിൻ ഫോറസ്റ്റ് റിസോർട്ടിന്റെ ടെന്റിൽ താമസിക്കുകയായിരുന്ന കണ്ണൂർ സ്വദേശിനി ഷഹാന സത്താർ (26) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. റിസോർട്ടിലെ ടെന്റുകളിലൊന്നിൽ ബന്ധുക്കൾക്കൊപ്പമായിരുന്ന ഷഹാന പുറത്തിറങ്ങിയപ്പോൾ ആന ഓടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ബന്ധുക്കൾ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടർന്നു. പിന്നീട് ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ സൈക്കോളജി വിഭാഗം മേധാവിയാണ് ഷഹാന. ചേലേരി കാരയാപ്പിൽ കല്ലറപുരയിൽ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ്. സഹോദരങ്ങൾ: ലുഖ്മാൻ, ഹിലാൽ, ഡോ. ദിൽഷാദ് ഷഹാന.