ശബരിമല: മലകയറണമെന്ന് ആവശ്യപ്പെട്ട് പമ്പാ പൊലീസ് സ്റ്റേഷനില്‍ യുവതി എത്തി. 30വയസ്സുള്ള യുവതിയാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ചേര്‍ത്തല സ്വദേശിനി അഞ്ജുവാണ് സുരക്ഷ ആവശ്യപ്പെട്ട് എത്തിയത്. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കും ഒപ്പമാണ് യുവതി എത്തിയത്. നിലയ്ക്കല്‍ നിന്ന് കെസ്ആര്‍ടിസി ബസിലാണ് യുവതിയും കുടുംബവും എത്തിയത്. സന്നിധാനത്തെ സാഹചര്യം യുവതിയെ പറഞ്ഞ് മനസിലാക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. ആക്ടിവിസത്തിന്റെ ഭാഗമായിട്ടാണോ യുവതി എത്തിയതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. യുവതിയെ രാത്രിയില്‍ സന്നിധാനത്തേക്ക് കൊണ്ടുപോകാനുള്ള സാധ്യത കുറവാണ്.
അതേസമയം ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ശബരിമല നട തുറന്നു. സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. സാന്നിധാനവും പരിസരവും കനത്ത പോലീസ് സുരക്ഷയിൽ. ഐ.ജി അശോക് യാദവിന്റെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ പമ്പയിൽ യോഗം ചേർന്ന് സുരക്ഷ വിലയിരുത്തി.പമ്പയിലേക്കെത്തിയ അയ്യപ്പ ഭക്തരെ സുരക്ഷാ പരിശോധനകൾക്ക് ശേഷം സന്നിധാനത്തേക്ക് കടത്തിവിടുന്നുണ്ട്. 2300 ഓളം പൊലീസുകാരെയാണ് സാന്നിധാനത്തും പരിസരത്തും സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. പമ്പക്കും സാന്നിധാനത്തിനും ഇടയിൽ മാത്രം ആയിരത്തിലധികം പൊലീസുകാർ സുരക്ഷക്കായുണ്ട്.
സംഘപരിവാർ സംഘടനകളുടെ പ്രതിഷേധസാധ്യത കണക്കിലെടുത്ത് പഴുതടച്ചുള്ള സുരക്ഷാസംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. 11 മണിയോടെ നിലക്കലിൽ നിന്നും ഭക്തരെ കെ.എസ്.ആർ.ടി.സിയിൽ പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങി. പമ്പയിലേക്കെത്തിയ ഭക്തരെ പരിശോധനകൾക്ക് ശേഷം സന്നിധാനത്തേക്ക് പ്രവേശിപ്പിക്കും.
പമ്പയിൽ വിവിധയിടങ്ങളിൽ പോലീസ് പരിശോധനയുണ്ട്. രാവിലെ ഐ.ജി അശോക് യാദവിന്റെ നേതൃത്വത്തിൽ പമ്പയിൽ അവലോകന യോഗം ചേർന്നിരുന്നു. യോഗത്തിന് ശേഷം ഐ.ജി അശോക് യാദവും എസ്.പി രാഹുൽ ആർ നായരും നേരിട്ട് വിലയിരുത്തി. കർശന പരിശോധന ഉണ്ടെങ്കിലും ശബരിമലയിൽ ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു.മാധ്യമപ്രവർത്തകർക്ക് ഇന്നലെ മുതൽ പലയിടങ്ങളിലും വിലക്ക് നേരിട്ടിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് മാധ്യമപ്രവർത്തകർക്ക് സാന്നിധാനത്തേക്ക് പ്രവേശിക്കാനായത്. കാനന പാതയിലടക്കം വലിയ സുരക്ഷ പോലീസ് ഒരുക്കിയിട്ടുണ്ട്.