ശബരിമല കത്തിച്ച് നിര്‍ത്താന്‍ ദേശീയ നേതാക്കളെ സന്നിധാനത്ത് എത്തിക്കാന്‍ ബിജെപി; ഓരോ ദിവസവും ഓരോ നേതാക്കള്‍

തിരുവനന്തപുരം: ശബരിമല വിഷയം കത്തിച്ച് നിര്‍ത്തി നേട്ടം കൊയ്യാനാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഓരോ ദിവസം ഓരോ നേതാക്കളെ വെച്ച് ശബരിമലയിലെത്തിക്കാനാണ് നീക്കങ്ങള്‍. മറ്റ് സംസ്ഥാനങ്ങളിലെയടക്കം എംപിമാരെ ഇതിനായി എത്തിക്കും. ദക്ഷിണേന്ത്യയില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് മുന്നില്‍ ഇപ്പോള്‍ ഉള്ള ഏക വഴിയാണ് ശബരിമല.

ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ മെംഗലുരുവില്‍ രഹസ്യ യോഗം വിളിച്ചുകൂട്ടി ശബരിമല വിഷയം ചര്‍ച്ച ചെയ്തിരുന്നു. ആ യോഗത്തില്‍ ശബരിമല വിഷയത്തെ കത്തിച്ച് നിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
തുലാമാസ പൂജകള്‍ക്കായി കഴിഞ്ഞമാസം നട തുറന്നപ്പോളും ചിത്തിര ആട്ട വിശേഷ നാളിലും ശബരിമലയില്‍ പ്രക്ഷോഭം നടത്തിയവരുടെ അറസ്റ്റ് തുടരുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം വിശദമാക്കിയതിന് പിന്നാലെയാണ് ബിജെപി പുതിയ തന്ത്രം സ്വീകരിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ ഇന്ന് ബിജെപി ദേശീയ പാത ഉപരോധിക്കുകയും റോഡ് ഗതാഗതം തടസപ്പെടുത്തുകയും ചെയ്യുകയാണ്. അമിത് ഷായുടെ നിര്‍ദ്ദേശങ്ങള്‍ ബിജെപി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണോ സുരേന്ദ്രന്‍ ശബരിമലയ്ക്ക് വന്നതെന്നും സംശയങ്ങള്‍ ഉയരുന്നുണ്ട്.

Top