ശബരിമല ദര്‍ശനത്തിനെത്തിയതിനാല്‍ വേട്ടയാടപ്പെടുകയാണ് താനെന്ന് ബിന്ദു തങ്കം കല്യാണി. മറ്റാരുടേയും നേര്‍ക്കില്ലാത്ത ആക്രമണമാണ് താന്‍ നേരിടുന്നതെന്നും താനൊരു ദലിതയായതിനാല്‍ പുറത്തിറക്കി ശാരീരികമായി ആക്രമിക്കാനാണ് പദ്ധതിയെന്നും ബിന്ദു പറഞ്ഞു. വാടക വീട്ടിലും സുഹൃത്തിന്റെ വീട്ടിലും കഴിയാനാകാത്ത അവസ്ഥയിലാണ് താനെന്നും ബിന്ദു.
ബിന്ദുവിനെ ഊരുവിലക്കിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഡിജിപിയോട് കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. എന്നാല്‍ തന്റെ മകള്‍ കാണിച്ച പാപത്തിന് പരിഹാരമായി അടുത്ത മണ്ഡലകാലത്ത് മലചവിട്ടാന്‍ തയ്യാറെടുക്കുകയാണ് ബിന്ദുവിന്റെ മാതാപിതാക്കള്‍. മകളുടെ ചെയ്തിയില്‍ അവര്‍ ശബരീശനോടും അയ്യപ്പഭക്തരോടും മാപ്പപേക്ഷിച്ചു.
മകള്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി അമ്മ തങ്കമ്മ നവംബര്‍ 5ന് നട തുറക്കുമ്പോള്‍ മലചവിട്ടി അയ്യനെ ദര്‍ശിക്കും. പ്രായാധിക്യം കാരണം അച്ഛന്‍ വാസു ഒപ്പം പോകുന്നില്ല. പകരം മലകയറാതെ പ്രാര്‍ത്ഥന നടത്തും. കോഴിക്കോട് അദ്ധ്യാപികയായി ജോലി നോക്കുന്ന ബിന്ദു പോലീസിന്റെ സഹായത്തോടെ തിങ്കളാഴ്ചയാണ് ശബരിമലയ്ക്ക് പുറപ്പെട്ടത്. പ്രതിഷേധത്തിനൊടുവില്‍ ഇവര്‍ യാത്ര അവസാനിപ്പിച്ച് തിരിച്ച് പോരുകയായിരുന്നു.