ചെന്നൈ: സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം നടത്തിയ പൊലീസുകാരിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍. മോഷണം നടത്തിയത് കണ്ടെത്തിയ കടയുടമ ഇവരില്‍ നിന്ന് മോഷ്ടിച്ച സാധനങ്ങള്‍ തിരികെ വാങ്ങി. ഇതിന് പിന്നാലെ ഇവരെക്കൊണ്ട് മാപ്പപേക്ഷ എഴുതിക്കുകയും ചെയ്തു. കടയുടമ കയ്യോടെ പൊക്കിയതിന്റെ ദേഷ്യം തീര്‍ക്കാന്‍ പൊലീസുകാരി ഭര്‍ത്താവിനെയും കുറെ ആളുകളെയും കൂട്ടി വന്ന് കട തല്ലിതകര്‍ത്തു. മോഷണം കണ്ടെത്തിയ കടയിലെ ജീവനക്കാരനെയും ഇവര്‍ തല്ലിച്ചതച്ചു. ഇതോടെ കടയുടമ പൊലീസില്‍ പരാതിയുമായി സമീപിക്കുകയായിരുന്നു.
അങ്ങനെയാണ് വാര്‍ത്ത പുറത്തായത്. മോഷണം നടത്തിയ പോലീസുകാരിയെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ഇവരുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ കടയിലെ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഔദ്യോഗികവേഷത്തിൽ കടയിലെത്തിയ നന്ദിനി എന്ന പൊലീസുകാരി ഫോണിൽ സംസാരിച്ചുകൊണ്ട് റാക്കിൽനിന്ന് ചോക്ലേറ്റ് ഉൾപ്പടെയുള്ള സാധനങ്ങൾ പോക്കറ്റിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ കടയിൽ സിസിടിവി ഉള്ള കാര്യം കോൺസ്റ്റബിൾ അറിഞ്ഞിരുന്നില്ല. പിടിക്കപ്പെട്ടുവെന്ന് മനസ്സിലായതോടെ കടയിൽനിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച നന്ദിനിയെ പ്രണവ് എന്ന ജീവനക്കാരൻ തടയുകയായിരുന്നു.
മോഷ്ടിച്ച സാധനങ്ങൾ തിരിച്ചു നൽകാൻ കോൺസ്റ്റബിളിനോട് ആവശ്യപ്പെട്ടു. ആദ്യം എതിർത്തെങ്കിലും പിന്നീട് കൈക്കലാക്കിയ സാധനങ്ങൾ നന്ദിനി തിരിച്ചുനൽകുകയായിരുന്നു. എന്നാൽ വൈകിട്ടോടെ സൂപ്പർമാർക്കറ്റിലേക്ക് ഇരച്ചെത്തിയ ഒരു സംഘം ആളുകൾ കടയിലെ സാധനങ്ങൾ വാരിയിടുകയും പ്രണവിനെ തെരഞ്ഞുപിടിച്ചു മർദിക്കുകയും ചെയ്യുകയായിരുന്നു. പൊലീസുകാരിയുടെ ഭർത്താവ് ദിനേശിന്‍റെ നേതൃത്വത്തിലായിരുന്നു അതിക്രമം. സംഭവം വിവാദമായതോടെ നന്ദിനിക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിടുകയും പ്രാഥമിക പരിശോധനയിൽ നന്ദിനി മോഷണം നടത്തിയതായി കണ്ടെത്തുകയും ചെയ്തു. ഇതോടെ നന്ദിനിയെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.