കൊച്ചി:കൊച്ചി മെട്രോയുടെ കരുത്ത് വനിതകളില്‍ ! കൊച്ചി മെട്രോ ഇന്ന് യാഥാര്‍ത്ഥ്യമാകുമ്പോള്‍ കരുത്തായി വനിതാ ജീവനക്കാരുടെ വന്‍ പ്രാതിനിധ്യം ആണ് തെളിവായി ഉയര്‍ന്നു നില്‍ക്കുന്നത് . ട്രെയിന്‍ ഓപ്പറേറ്റര്‍മാരായ ഏഴുപേരുള്‍പ്പെടെ 629 വനിതകളാണ് കൊച്ചി മെട്രോ റയില്‍ ലിമിറ്റഡിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 562 കുടുബശ്രീ പ്രവര്‍ത്തകരാണ്. സ്റ്റേഷന്‍ പരിപാലനം, ടിക്കറ്റ് വിതരണം, കസ്റ്റമര്‍ ഹെല്‍പ്പ്ലൈന്‍ തുടങ്ങിയ വിഭാഗങ്ങളുടെ ചുമതല വഹിക്കുന്നത്. കൂടാതെ ശുചീകരണം, പാര്‍ക്കിങ് എന്നിവയും ഇവരുടെ കൈയ്യില്‍ ഭദ്രമാണ്.
മറ്റ് മെട്രോകളില്‍ നിന്ന് നിരവധി കാര്യങ്ങളില്‍ വ്യത്യസ്തമായ കൊച്ചി മെട്രോ സാങ്കേതികമായും ഏറെ മുന്നിലാണ്. ആകെ സര്‍വീസ് നടത്തുന്ന ആറ് ട്രെയിനുകളില്‍ രണ്ടെണ്ണം പൂര്‍ണ്ണമായും നിയന്ത്രിക്കുന്നത് വനിതാ ട്രെയിന്‍ ഓപ്പറേറ്റര്‍മാരാണ്. മൂന്നു കോച്ചുകള്‍ ഉള്ള ട്രെയിനിന്റെ രണ്ടറ്റത്തുമുള്ള കാബിനുകളില്‍ ഇരുന്നാണ് ട്രെയിനുകളെ നിയന്ത്രിക്കുന്നത്. പെരുമ്പാവൂര്‍ സ്വദേശിനി വന്ദന, കൊല്ലം സ്വദേശിനികളായ ഗോപിക, സി ഹിമ, രമ്യ ദാസ്, തൃശൂര്‍ സ്വദേശിനിയായ കെ ജി നിധി, ചേര്‍ത്തല സ്വദേശിനി അഞ്ജു അശോകന്‍, തിരുവനന്തപുരം സ്വദേശിനി ജെ കെ അഞ്ജു എന്നിവരാണ് മെട്രോയുടെ വനിതാ സാരഥികള്‍. കൂടാതെ മെട്രോയുമായി ബന്ധപ്പെട്ട എല്ലാമേഖലകളിലും വനിതാസാന്നിധ്യം ദൃശ്യമാണ്. ഇത്രയധികം വനിതകള്‍ക്ക് ജോലിനല്‍കിയതിലൂടെ കൊച്ചിമെട്രോ ഉദാത്ത മാതൃകയാവുകയാണ്.
ട്രെയിന്‍ ഓപ്പറേറ്റര്‍മാരുള്‍പ്പെടെയുള്ള 67 വനിതാ ജീവനക്കാര്‍ കെഎംആര്‍എല്ലിന്റെ ജീവനക്കാരാണ്. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് എറണാകുളം നഗരത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്നും കെഎംആര്‍എല്ലും കുടുംബശ്രീമിഷനും നടത്തിയ തെരഞ്ഞെടുപ്പിലൂടെ ആറു മാസത്തെ കരാര്‍ വ്യവസ്ഥയിലാണ് കുടുംബശ്രീ ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. ശമ്പളത്തിനു പുറമെ പിഎഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭ്യമാകും. കൂടാതെ 22 ഭിന്നശേഷിക്കാര്‍ക്കും 23 ട്രാന്‍സ്ജെന്‍ഡേഴ്സിനും മെട്രോയില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.
അതേസമയം കേരളത്തിന്റെ സ്വപ്ന പദ്ധതി കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രാവിലെ 11മണിക്കാണ് അദ്ദേഹം മെട്രോ സ്റ്റേഷനില്‍ എത്തിയത്. രാവിലെ 10.15ന് പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി നാട മുറിച്ച ശേഷം പാലാരിവട്ടം മുതല്‍ പത്തടിപ്പാടം വരെയും തിരിച്ചും യാത്ര ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം, ഇ ശ്രീധരന്‍, ഏലിയാസ് ജോര്‍ജ്ജ്, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം യാത്രം ചെയ്തു.