വത്തിക്കാന്‍: ചരിത്രപരമായ തീരുമാനമായി റോമന്‍ കത്തോലിക് സഭ .സ്ത്രീകള്‍ക്ക് ആദ്യമായി വോട്ടവകാശം നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. ഇതോടെ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ബിഷപ്പുമാരുടെ ആഗോള സമ്മേളനത്തില്‍ സ്ത്രീകള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കും.
നേരത്തെ പുരോഹിത സഭയില്‍ ഓഡിറ്റര്‍മാരായി സ്ത്രീകള്‍ക്ക് പങ്കാളിത്തമുണ്ടായിരുന്നെങ്കിലും വോട്ടവകാശമില്ലായിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തിന് അംഗീകാരമായതോടെ അഞ്ച് സിസ്റ്റര്‍മാര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാനാവും. ബിഷപ്പുമാരുടെ ആഗോള സമ്മേളനമായ സിനഡില്‍ വനിതകള്‍ക്ക് വോട്ടവകാശം വേണമെന്ന് വര്‍ഷങ്ങളായി വനിത കൂട്ടായ്മകള്‍ ആവശ്യപ്പെട്ടിരുന്നു.
ഈ യോഗത്തിൽ ചർച്ചുകളിലെ സ്ത്രീ പങ്കാളിത്തം, എല്‍ജിബിടിക്യു ബന്ധങ്ങള്‍ തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ സ്വീകാര്യമായ നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷ. യോഗത്തില്‍ 70 നോണ്‍ ബിഷപ്പ് വോട്ടിംഗ് അംഗങ്ങളെ ഉള്‍പ്പെടുത്താനും പോപ്പ് തീരുമാനിച്ചിട്ടുണ്ട്. അവരില്‍ പകുതിയും സ്ത്രീകളായിരിക്കണമെന്ന ആവശ്യം മാര്‍പാപ്പ മുന്നോട്ടു വെച്ചു. വത്തിക്കാനിലെ തീരുമാനങ്ങള്‍ എടുക്കുന്ന സ്ഥാനങ്ങളില്‍ സ്ത്രീകളെ നിയമിക്കുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ വര്‍ഷം സ്വീകരിച്ച രണ്ട് പ്രധാന നടപടികള്‍ക്ക് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.