ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ പശ്ചാത്തലത്തിൽ വർക്ക് ഫ്രം ഹോമിന് നിയമസാധുത ലഭിക്കുന്നതിന് ചട്ടം കൊണ്ടുവരുന്ന കാര്യം കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. പോർചുഗൽ മാതൃകയിൽ ചട്ടം രൂപീകരിക്കാനാണ് സർക്കാർ നീക്കം നടത്തുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജോലികൾ വരെ വർക്ക് ഫ്രം ഹോമിലേക്ക് മാറിയതിന് രാജ്യം സാക്ഷ്യം വഹിച്ചു. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും വിവിധ സ്വകാര്യ കമ്പനികൾ ഇപ്പോഴും വർക്ക് ഫ്രം ഹോമിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്.
ടിസിഎസ് പോലുള്ള മുൻനിര കമ്പനികൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി അടുത്തിടെ നീട്ടുക ഉണ്ടായി. വർഷങ്ങളോളം കോവിഡിനൊപ്പം ജീവിക്കാൻ ജനം നിർബന്ധിതരാകുമെന്നാണ് വിദഗ്ധർ പറയുന്നത്. പുതിയ വകഭേദങ്ങൾ വരുന്നതും വർക്ക് ഫ്രം ഹോം മാതൃകയ്ക്ക് കൂടുതൽ സ്വീകാര്യത നൽകുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇതിന് നിയമസാധുത നൽകുന്നതിന് ചട്ടം രൂപീകരിക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നത്.
തൊഴിൽ സമയം നിശ്ചയിച്ചും ഇലക്ട്രിസിറ്റി, ഇന്റർനെറ്റ് എന്നിവയ്ക്ക് വരുന്ന ചെലവിന് പ്രത്യേക തുക അനുവദിച്ചും വർക്ക് ഫ്രം ഹോമിന് ചട്ടം രൂപീകരിക്കുന്ന കാര്യമാണ് സർക്കാർ ഗൗരവമായി കാണുന്നതെന്നാണ് റിപ്പോർട്ടുകൾ. വർക്ക് ഫ്രം ഹോമിന് എങ്ങനെ ചട്ടം രൂപീകരിക്കാം എന്നതിനെ കുറിച്ച് സർക്കാർ തലത്തിൽ ചർച്ചകൾ നടന്നുവരുന്നതായാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ജനുവരിയിൽ സേവനമേഖലയിൽ വർക്ക് ഫ്രം ഹോം സ്ഥിരമായി നടപ്പാക്കുന്നതിന്റെ സാധ്യത തേടാൻ കമ്പനികളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. തൊഴിൽ സമയം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ജീവനക്കാരും തൊഴിലുടമയും ധാരണയിലെത്തി ഇത് നടപ്പാക്കാനാണ് കേന്ദ്രസർക്കാർ നിർദേശിച്ചത്. ഐടി, ഐടി അനുബന്ധ കമ്പനികളിൽ ഈ മാതൃക വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.