റിയാദ് : സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫ്രാന്‍സില്‍ സ്വന്തമാക്കിയത് ലോകത്തെ ഏറ്റവും വിലയേറിയ ആഡംബര ഭവനം. അന്‍പതിനായിരം ചതുരശ്ര അടി വിസ്തൃതിയിലുള്ള കൊട്ടാരമാണ് അദ്ദേഹം 2015 ല്‍ നേടിയെടുത്തത്. അതിശയിപ്പിക്കുന്ന രമ്യഹര്‍മ്മ്യം സ്വന്തമാക്കാന്‍ 275 ദശലക്ഷം യൂറോ അദ്ദേഹം ചെലവിട്ടു. അതായത് ഫോര്‍ബ്‌സ് മാഗസിന്‍, ലോകത്തെ ഏറ്റവും വിലകൂടിയ ഭവനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനംകല്‍പ്പിച്ച ഫ്രാന്‍സിലെ ചാറ്റിയൂ ലൂയിസ് 14 എന്ന കൊട്ടാരത്തിന്റെ ഉടമയാണ് ഈ സൗദി രാജകുമാരന്‍. അഴിമതിക്കും ആഡംബരത്തിനുമെതിരെ സൗദിയില്‍ അദ്ദേഹം നിയമപോരാട്ടം കര്‍ശനമാക്കിയിരിക്കുന്ന വേളയിലാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. ഫ്രാന്‍സിലെ വേഴ്‌സായ്‌ലസിന് സമീപമാണ് കൊട്ടാരം. ന്യൂയോര്‍ക് ടൈംസ് വാര്‍ത്ത പുറത്തുവിട്ടപ്പോള്‍ മാത്രമാണ് ഈ കൊട്ടാരം നേടിയെടുത്തത് മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് പുറം ലോകമറിയുന്നത്. അദ്ദേഹമാണ് ആഡംബര ഭവനം വാങ്ങിയതെന്ന് ഫ്രാന്‍സ് അധികൃതരോ സൗദി ഉന്നതവൃത്തങ്ങളോ വ്യക്തമാക്കിയിരുന്നില്ല. ഫ്രാന്‍സിലെ നികുതിവെട്ടിപ്പ് കമ്പനികളുടെ നിയമസഹായത്തോടെയാണ് വസ്തു കൈമാറ്റം നടന്നതെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 10 വിശാലവും അത്യാധുനികവുമായ ബെഡ്‌റൂം സ്യൂട്ടുകളുണ്ട്. കൂടാതെ അകത്തും പുറത്തും സ്വിമ്മിങ് പൂളുകള്‍, മദ്യശാലയും സിനിമാ കേന്ദ്രവും സ്‌ക്വാഷ് കോര്‍ട്ടും, നൈറ്റ് ക്ലബ്ബും അടങ്ങുന്നതാണ് ഈ രമ്യ ഹര്‍മ്യം. 2008 ല്‍ ആരംഭിച്ച ചാറ്റിയൂ ലൂയിസ് 14 ന്റെ നിര്‍മ്മാണം 2011 ലാണ് പൂര്‍ത്തിയായത്. 17 ാം നൂറ്റാണ്ടിലെ നിര്‍മ്മിതികളുടെ മാതൃകയിലാണ് ഇതിന്റെ തലപ്പൊക്കം. നേരത്തെ 500 ദശലക്ഷം ഡോളര്‍ ചെലവിട്ട് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫ്രാന്‍സില്‍ നിന്ന് ആഡംബര യാനം വാങ്ങിയിരുന്നു. അതിന് ശേഷം 450 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് ഡാവിഞ്ചി ചിത്രവും വന്‍തുകയ്ക്ക് സ്വന്തമാക്കി.ഫ്രാന്‍സില്‍ 620 ഏക്കര്‍ ഭൂമിയും ഇദ്ദേഹം നേടിയെടുത്തിട്ടുണ്ടെന്നും ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വന്തമാക്കിയത് ലോകത്തെ ഏറ്റവും വിലകൂടിയ ഭവനം
Tags: Worlds most expensive