കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പുതിയ തരം വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ചൈനയിലെ വുഹാനില്‍ നിന്നുള്ള ഗവേഷകര്‍. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ‘നിയോകോവ്’ എന്ന പുതിയതരം കൊറോണ വൈറസ് അതിമാരകമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. അതിവ്യാപന ശേഷിയുള്ള ഈ വൈറസ് ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുമെന്നും റിപ്പോർട്ടുകൾ.
2012-ലും 2015ലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മെര്‍സ് കോവ് വൈറസുമായി ഇതിന് ബന്ധമുണ്ടെന്നും ഗവേഷകരുടെ കണ്ടെത്തലിലുണ്ട്. സാര്‍സ് കോവ്-2 വിനു സമാനമായി മനുഷ്യരില്‍ കൊറോണ വൈറസ് ബാധയ്ക്കു ഇതു കാരണമാകും.
നിലവില്‍ ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. പുതിയ പഠനങ്ങള്‍ പ്രകാരം നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180കോവും മനുഷ്യരെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
മനുഷ്യ കോശങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ വൈറസിന് ഒരൊറ്റ രൂപാന്തരം മാത്രമേ ആവശ്യമുള്ളു എന്ന് വുഹാന്‍ യൂണിവേഴ്‌സിറ്റിയിലേയും ചൈനീസ് അക്കാദമി ഓഫ് സയന്‍സിലേയും ഗവേഷകരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിയോകോവില്‍ നിന്ന് വാക്‌സിന്‍ സംരക്ഷണം നല്‍കുമോ എന്നും ആശങ്കയുണ്ട്. മനുഷ്യരില്‍ ബാധിച്ചാല്‍ മൂന്നിലൊരാള്‍ക്ക് മരണം വരെ സംഭവിച്ചേക്കാമെന്നതും അതിവ്യാപനശേഷിയുണ്ടെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. ഈ വൈറസ് മനുഷ്യരെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് സംബന്ധിച്ച് പഠനം ആവശ്യമാണെന്ന് റഷ്യന്‍ വൈറോളജി ആന്റ് ബയോടെക്‌നോളജി റിസര്‍ച്ച് സെന്റര്‍ പറയുന്നു.