സ്വന്തം ലേഖകൻ
കോട്ടയം: യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസന ആസ്ഥാനം വൈദീകരും വിശ്വാസികളും ഉപരോധിച്ചു. ഭദ്രാസന കൗൺസിൽ തെരഞ്ഞെടുപ്പിലേക്കുള്ള പള്ളി പ്രതിപുരുഷ അംഗങ്ങളുടെ വോട്ടേഴ്‌സ് ലിസ്റ്റിൽ ക്രമക്കേട് ആരോപിച്ചാണു ഉപരോധിച്ചത്. ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാർ തീമോത്തിയോസ് ഈസമയം ഭദ്രാസന ആസ്ഥാനത്ത് ഉണ്ടായിരുന്നു. ഏറെനേരം ഉപരോധത്തിനുശേഷം പോലീസിന്റെ സാന്നിധ്യത്തിൽ മെത്രാപ്പോലീത്തായോടു ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. രാത്രി വരെ ഉപരോധം തുടർന്നു. മെത്രാപ്പോലീത്തായ്‌ക്കെതിരെ വൈദീകരും വിശ്വാസികളും കൗൺസിൽ ഭാരവാഹികളും മുമ്പു പരാതി നല്കിയിരുന്നു. ഭദ്രാസനത്തിന്റെ സാമ്പത്തിക ക്രമക്കേട്, മെത്രാപ്പോലീത്തായുടെ അവിശുദ്ധ ബന്ധങ്ങൾ, ഏകാതിപത്യ ഭരണം എന്നിവയ്‌ക്കെതിരെയാണു പരാതി നല്കിയത്. സഭയുടെ പരമാധ്യക്ഷൻ പാത്രിയർക്കീസ് ബാവാ, പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ബാവാ, സുന്നഹദോസ് എന്നിവർക്കാണു പരാതി നല്കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പാത്രിയർക്കീസ് ബാവാ കോട്ടയം ഭദ്രാസനത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ നിർദേശിച്ചു. പാത്രിയർക്കീസ് ബാവായുടെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് നടത്താനുള്ള പള്ളി പ്രതിപുരുഷ അംഗങ്ങളെ തെരഞ്ഞെടുക്കാൻ പള്ളികളിൽ പൊതുയോഗം ചേർന്നു പള്ളി പ്രതിപുരുഷ അംഗങ്ങളെ തെരഞ്ഞെടുക്കണമെന്ന് നിർദേശിച്ചിരുന്നത്. എന്നാൽ ഏതാനും പള്ളികളിൽ പള്ളികളിൽ പള്ളി പൊതുയോഗം ചേർന്നു പ്രതിപുരുഷ അംഗങ്ങളെ അയയ്‌ക്കേണ്ടന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ഈ പള്ളികളിൽനിന്നുള്ള അംഗങ്ങളുടെ പേരും പ്രതിപുരുഷന്മാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതാണു പ്രശ്‌നങ്ങൾക്ക് ഇടയാക്കിയത്. ഇന്നലെ രാത്രിയിൽ പുറത്തുനിന്നെത്തിയ ഒരുസംഘം ആളുകൾ വെദീകരെയും വിശ്വാസികളെയും മർദ്ദിച്ചതായി പരാതി ഉയർന്നു. പോലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയതിനെത്തുടർന്നു വൈദീകരും വിശ്വാസികളും പിരിഞ്ഞുപോയി.