
കര്‍ണാടകയിലെ ദക്ഷിണ കന്നട ഇപ്പോള്‍ ഒരു ചുംബനവിവാദത്തിലാണ്. ലിപ് ലോക്ക് രംഗം നടന്നത് സിനിമയിലൊന്നുമല്ല. ഒരു യക്ഷഗാന പരിപാടിക്കിടെയാണെന്നതാണ് ശ്രദ്ധേയം. ഇതിനെതിരെ യക്ഷഗാന പ്രേമികളും മറ്റും രംഗത്തെത്തുകയും ചെയ്തു. ചുംബനരംഗ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയും ചെയ്തു.ബണ്ട്വാളില്‍ പത്രധാരി ജയന്ത എന്ന യക്ഷഗാനസംഘം അവതരിപ്പിച്ച ഗാന നാട്യ വൈഭവത്തിനിടെയാണ് ലിപ് ലോക്ക് രംഗം അരങ്ങേറിയത്. പുരാണകഥയിലെ ഇന്ദ്രന്റെ മകനായ ജയന്തന്റെയും സുഷമയുടെയും പ്രണയനിമിഷങ്ങള്‍ വര്‍ണിക്കുന്നതായിരുന്നു രംഗം. പ്രശസ്ത യക്ഷഗാന കലാകാരനായ രാകേഷ് റായ് അഡ്കയും പ്രശാന്ത് ഷെട്ടിയുമാണ് ജയന്തനും സുഷമയുമായി വേഷമിട്ടത്. ജയന്തന്റെയും സുഷമയുടെ പ്രണയനിമിഷങ്ങള്‍ ഗാനത്തിലൂടെ അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് ചുംബന രംഗമുണ്ടായത്.
കണ്ടുകൊണ്ടിരുന്നവരില്‍ ഒരാള്‍ ഉടന്‍ ഇത് മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സെപ്തംബര്‍ 16ന് മംഗലൂരുവിലെ ഹൊഗെനാഡുവിലാണ് സംഭവം അരങ്ങേറിയത്.അതേസമയം താന്‍ സഹതാരത്തെ ചുംബിച്ചിട്ടില്ലെന്നും ചെവിയില്‍ സ്വകാര്യം പറഞ്ഞതാണെന്നുമാണ് രാകേഷ് റായിയുടെ വിശഗീകരണം. യക്ഷഗാനം വിവരിക്കുന്ന ഭാഗവതരില്‍ നിന്ന് ലഭിച്ച അറിയിപ്പ് പ്രശാന്തയെ താന്‍ അറിയിക്കുകയായിരുന്നെന്ന് രാകേഷ് പറയുന്നു.
”ഞാന്‍ അന്ന് വൈകിയാണ് പരിപാടിക്കെത്തിയത്. കാറിലിരുന്ന് തന്നെയാണ് മേക്കപ്പ് ചെയ്തത്. ധൃതിപിടിച്ചാണ് പരിപാടിക്ക് കയറിയതും. പരിപാടിക്കിടെ ഭാഗവതര്‍ പറഞ്ഞു പെട്ടെന്ന് പരിപാടി അവസാനിപ്പിക്കണമെന്ന്. ഇക്കാര്യം പ്രശാന്ത് ഷെട്ടിയെ അറിയിക്കണമായിരുന്നു. അപ്പോള്‍ അവതരിപ്പിച്ചുകൊണ്ടിരുന്നത് പ്രണയരംഗമായിരുന്നതിനാല് പ്രശാന്തിയോട് ചേര്‍ന്നുനിന്നായിരുന്നു എനിക്ക് അവതരിപ്പിക്കേണ്ടിയിരുന്നത്. അതുകൊണ്ട് ആ സമയത്ത് വിവരം അറിയിക്കാമെന്ന് കരുതി. കിട്ടിയ കുറച്ച് നിമിഷത്തില്‍ പ്രേക്ഷകര്‍ കാണാത്ത രീതിയില്‍ മുഖം മറച്ച് പ്രശാന്തിയുടെ ചെവിയില്‍ ഇക്കാര്യം പറഞ്ഞു. ഈ രംഗം ആരോ വീഡിയോയില്‍ പകര്‍ത്തി ഞങ്ങള്‍ ലിപ് ലോക്ക് ചെയ്തെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു”, രാകേഷ് റായ് വിശദീകരിച്ചു.കട്ടീല്‍ മേള എന്നറിയപ്പെടുന്ന കട്ടീല്‍ ശ്രീ ദുര്‍ഗപരമേശ്വരി യക്ഷഗാന ദശാവതാര മണ്ഡാലി ട്രൂപ്പിലെ അംഗങ്ങളാണ് അഡ്ക രാകേഷ് റായിയും പ്രശാന്ത് ഷെട്ടി നെല്ലിയാഡിയും.