
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ടൗട്ടെയെക്ക് പിന്നാലെ ബംഗാൾ ഉൾക്കടലിൽ ‘യാസ്’ ചുഴലിക്കാറ്റ് ഇന്ന് രൂപപ്പെടും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം ശക്തിപ്രാപിച്ച് രാവിലെ തന്നെ ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തും ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 26 നു രാവിലെയോടെ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ തീരത്ത് യാസ് എത്തുമെന്നാണ് പ്രവചനം.
യാസ് കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാൽ, ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കേരളത്തിൽ ശക്തമായ മഴ ലഭിക്കും. കാറ്റിനും സാധിത്യയുണ്ട്. ഇന്ന് തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഏഴ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മറ്റ് ജില്ലകളിൽ സാധാരണ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബുധനാഴ്ച തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലും വയനാട്ടിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച എറണാകുളം വരെയുള്ള ഏഴ് തെക്കൻ ജില്ലകൾക്കും കാസർകോട് ജില്ലയിലും യല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 28 വെള്ളിയാഴ്ച തിരുവനന്തപുരത്ത് കനത്തമഴ പെയ്‌തേക്കും.
ചുഴലിക്കാറ്റിന് മുന്നോടിയായി ബംഗാളിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിത്തുടങ്ങി. യാസ് ചുഴലിക്കാറ്റ് ബംഗാളിൽ കൂടുതൽ അപകടകാരിയാകുമെന്നാണ് മുന്നറിയിപ്പ്.