
ദില്ലി: ദളിതര്‍ കൂട്ടത്തോടെ ബിജെപിക്കുനേരെ ശബ്ദമുയര്‍ത്തിയപ്പോള്‍ ബിജെപി ഒന്നു പതറി. ഭരണം നഷ്ടപ്പെട്ടേക്കാം എന്ന അവസ്ഥ വന്നതോടെ ദളിതരെ കൂട്ടുപിടിക്കുകയാണ് ബിജെപി. ദളിതര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രംഗത്തെത്തിയത്.
ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങളും വിവേചനവും സര്‍ക്കാര്‍ സഹിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദളിതരെ ആക്രമിക്കുന്നവര്‍ ആദ്യം തനിക്ക് നേരെ വെടിയുതിര്‍ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
തെലങ്കാനയിലെ മേദക് ജില്ലയില്‍ ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. തെലങ്കാനയിലെ കുടിവെള്ള പദ്ധതിയായ ‘മിഷന്‍ ഭഗീരഥ’ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മോദി.
കഴിഞ്ഞ ദിവസവും മോദി ദളിതര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. രാത്രി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരാണ് പകല്‍ പശു സംരക്ഷകാരായി എത്തുന്നതെന്നും അത്തരം ആളുകളോട് തനിക്ക് വെറുപ്പാണെന്നുമായിരുന്നു കഴിഞ്ഞ ദിവസത്തെ മോദിയുടെ പരാമര്‍ശം.
പശു സംരക്ഷണത്തിന്റെ പേരില്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ദളിത് സംഘടനകള്‍ ശക്തമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മോദിയുടെ പരാമര്‍ശങ്ങള്‍.
ഗുജറാത്തില്‍ ദളിതരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് ബിജെപി മുഖ്യമന്ത്രിയായ ആനന്ദിബെന്‍ പട്ടേലിന് രാജിവെക്കേണ്ടി വന്നിരുന്നു. വന്‍ പ്രക്ഷോഭമാണ് ഗുജറാത്തില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ദളിതരുടെ നേതൃത്വത്തില്‍ നടന്നത്. ബിജെപിയെ ഏറെ പ്രതിസന്ധിയിലാക്കിയ പ്രക്ഷോഭമായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ദളിതര്‍ക്ക് വേണ്ടി ബിജെപി പ്രധാനമന്ത്രിയായ നരേന്ദ്ര മോദി രംഗത്തെത്തിയിരിക്കുന്നത്.