കോട്ടയം:ചിന്ത ജെറോം സർക്കാരിൽ നിന്നും കൈപ്പറ്റിയത് പത്തുലക്ഷമടുത്ത് ശമ്പളം. സർക്കാർ പണം വെറുതെ ഉപയോഗിക്കുന്നതിലൊന്നുമാത്രമായി ഒരു സ്ഥാപനം ആണോ യുവജന കമ്മിഷൻ .കേരളത്തിൽ ഒരുപാട് വിഷയങ്ങൾ യുവജനകമ്മീഷൻ ഇടപെടേണ്ടിയിരിക്കുന്നിടത്തെല്ലാം വെറും മൗനം .ഇങ്ങനെ യുവജനങ്ങളുടെ നന്മയ്ക്കായി സർക്കാർ എത്ര പണം നൽകിയാലും സംസ്ഥാന യുവജന കമ്മിഷൻ ശമ്പളം മാത്രം എടുത്തശേഷം പദ്ധതി നടത്തിപ്പിൽ വലിയ ഇടപെടൽ നടത്താതെ ബാക്കി പണം തിരിച്ചടയ്ക്കും.
ഇടതു സർക്കാർ വന്നശേഷം നിയോഗിച്ച കമ്മിഷന്റെ അധ്യക്ഷ ചിന്താ ജെറോം ഓണറേറിയവും വീട്ടുവാടകയും യാത്രാ ബത്തയുമെല്ലാം കൂടി ഇതുവരെ 9.71 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്. ശമ്പളം വാങ്ങാനായി മാത്രം എന്തിനാണിങ്ങനെയൊരു കമ്മിഷൻ എന്നു യുവജനങ്ങൾ ചോദിച്ചാൽ, അതിനുള്ള ഉത്തരമാണ് യുവജന കമ്മിഷന്റെ പ്രവർത്തനം സംബന്ധിച്ച് വിവരാവകാശം വഴി പുറത്തുവിട്ട രേഖകൾ.
കഴിഞ്ഞ സാമ്പത്തിക വർഷം യുവജന കമ്മിഷന് ഒരു കോടി 10 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി 90 ലക്ഷം അനുവദിച്ചു. ഇതിൽ 39 ലക്ഷം രൂപയും ചെലവാക്കാതെ തിരിച്ചടച്ചു. എന്നാൽ ശമ്പളമായി അനുവദിച്ച 92.54 ലക്ഷം മാറിയെടുത്തിട്ടുണ്ട്. 2016–2017 സാമ്പത്തിക വർഷം പദ്ധതികൾക്കായി ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തി. 65 ലക്ഷം അനുവദിച്ചെങ്കിലും 19 ലക്ഷം രൂപ ചിലവാക്കാനാകാതെ തിരിച്ചടച്ചു. എന്നാൽ ശമ്പളത്തിനായി നൽകിയ 87 ലക്ഷവും കൃത്യമായി തീർന്നു.
2015–16 ലും ഇതു തന്നെ അവസ്ഥ. ഒരു കോടി രൂപ ബജറ്റിൽ വന്നു. അതിൽ 70 ലക്ഷം അനുവദിച്ചുനൽകി. 19.5 ലക്ഷം രൂപ ചെലവാക്കാതെ തിരിച്ചടച്ചു. 83.12 ലക്ഷം രൂപ കമ്മിഷൻ അംഗങ്ങൾക്കും മറ്റുമായി ശമ്പളത്തിനായി അനുവദിച്ചു. അത്രയും തുക കൃത്യമായി ചെലവാകുകയും ചെയ്തു. ശമ്പളമല്ലാതെ ജീവനക്കാരുടെയും ഓഫിസിന്റെയും മറ്റു ചെലവുകൾക്കായി ഇൗ മൂന്നുവർഷം മൊത്തം മറ്റൊരു 23 ലക്ഷം രൂപ കൂടി സർക്കാർ യുവജനകമ്മിഷനു വേണ്ടി ചെലവിട്ടു. കമ്മിഷന്റെ ചെലവിനു കുറവില്ല, പക്ഷേ പദ്ധതികൾക്കായി അനുവദിക്കുന്ന തുക ചെലവാകുന്നുമില്ല.അതേസമയം വാരാപ്പുഴയില്‍ ലോക്കപ്പ് മര്‍ദനത്തില്‍ മരണപ്പെട്ട ശ്രീജിത്തിന്റെ വിഷയം ഉന്നയിക്കാൻ ചിന്ത ജെറോമം യുവജന കമ്മീഷനും തയ്യാറായിട്ടില്ല .ഇടതുസർക്കാർ അല്ലായിരുന്നെങ്കിൽ ചിന്തയുടെ നാവ് എത്ര ശക്തമായി ഉയരുമായിരുന്നു എന്ന് ചോദ്യം ഉയരുന്നു .