ഉയര്‍ന്ന ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദലിത് യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ അടിച്ചുകൊന്നു

ഉയര്‍ന്ന ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദലിത് യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ അടിച്ചുകൊന്നു. ഖാജിപ്പേട്ട് സാഹിത്യ ഡിഗ്രി കോളേജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ വൈ.വിജയകുമാര്‍(19)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 10ന് കഡപ്പ ജില്ലയിലുള്ള ഖാജിപ്പേട്ട് മണ്ഡലില്‍ ആണ് സംഭവം നടന്നത്. പതിനെട്ടുകാരിയായ പെണ്‍കുട്ടിയുമായി കഴിഞ്ഞ രണ്ട് വര്‍ഷമായി വിജയകുമാര്‍ പ്രണയത്തിലായിരുന്നു. വെറുമൊരു സൗഹൃദമെന്നായിരുന്നു ആദ്യം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കരുതിയത്. പിന്നീടാണ് ഇരുവരും പ്രണയത്തിലാണെന്നും ദിവസവും കാണാറുണ്ടെന്നും വീട്ടുകാര്‍ അറിയുന്നത്. വിജയകുമാര്‍ ദലിതാണെന്നും കൂടി അറിഞ്ഞതോടെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തു. മാത്രമല്ല വിജയകുമാറിന്റെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയതാണ്. അമ്മ ഒരു ഫാമില്‍ കൂലിപ്പണി ചെയ്യുകയാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരാണെങ്കില്‍ ആ പ്രദേശത്തെ പ്രധാനപ്പെട്ട ധനിക കുടുംബവും. പല തവണ ഇരുവരെയും വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി മൈദുകുര്‍ ഡപ്യൂട്ടി എസ്പി കെ.ശ്രീനിവാസലു പറഞ്ഞു. ഈയിടെ വിജയകുമാര്‍ പെണ്‍കുട്ടിക്കെഴുതിയ കത്ത് വീട്ടുകാര്‍ കണ്ടെടുത്തു. ഫോണില്‍ വന്ന മെസേജുകളും കണ്ടെത്തി. വിജയകുമാറിനെ മാത്രമേ വിവാഹം ചെയ്യൂ എന്ന പിടിവാശിയിലായിരുന്നു പെണ്‍കുട്ടി. മാര്‍ച്ച് 10ന് രാത്രി പെണ്‍കുട്ടിയുടെ അമ്മാവനായ സാമ്പശിവ റെഡ്ഡി വിജയകുമാറിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. രാത്രി 11ന് വീട്ടിലെത്തിയ വിജയകുമാറിനെ ടെറസില്‍ കൊണ്ടുപോയി പിതാവ് മഹേഷ് റെഡ്ഡിയും അമ്മാവനും ചേര്‍ന്ന് മര്‍ദ്ദിച്ചു. തടി കൊണ്ട് വിജയകുമാറിന്റെ തലക്കടിക്കുകയും ചെയ്തു. ഈ സമയം പെണ്‍കുട്ടിയെ വീട്ടില്‍ പൂട്ടിയിടുകയും ചെയ്തു. അടിയുടെ ആഘാതത്തില്‍ വിജയകുമാര്‍ മരിച്ചു. ടെറസില്‍ മൃതദേഹം ഉപേക്ഷിച്ച മഹേഷും സാമ്പശിവയും പിറ്റേദിവസം അത് ഗാഞ്ജീരഡപ്പള്ളിയിലുള്ള റെയില്‍വേ ട്രാക്കില്‍ കൊണ്ടിടുകയും ചെയ്തു. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇവരുടെ ശ്രമം. മകനെ കാണാതായതോടെ വിജയകുമാറിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. പെണ്‍കുട്ടിയുടെ അമ്മ സുബ്ബരത്‌ന റെഡ്ഡിയേയും പൊലീസ് അറസ്റ്റ് ചെയ്തു.

Top