യൂട്യൂബില്‍ നിന്ന് ഇന്ത്യന്‍ വംശജ വര്‍ഷം തോറും നേടുന്നത് കോടികള്‍

കാനഡക്കാരിയായ ഇന്ത്യന്‍ വംശജ ലില്ലി സിംഗ് യൂട്യൂബില്‍ നിന്ന് നേടിയത് കോടികള്‍. നമ്മില്‍ ഭൂരിഭാഗം പേരും യൂട്യൂബ് കണ്ട് അതിലെ തമാശകള്‍ ആസ്വദിച്ച് ചിരിക്കുമ്പോള്‍ ലില്ലി യൂട്യൂബ് വീഡിയോ അപ്‌ഡേറ്റ് ചെയ്ത് വര്‍ഷം തോറും സമ്പാദിക്കുന്നത് കോടികളാണ്. വ്യത്യസ്തമായി ചിന്തിച്ച് ജീവിത വിജയം നേടിയ ഒരു യുവതിയുടെ കഥ കൂടിയാണിത്. തുടക്കത്തില്‍ തന്റെ മാനസിക സമ്മര്‍ദത്തില്‍ നിന്നും മോചനം നേടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ലില്ലി വീഡിയോകള്‍ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് മിഷെല്‍ ഒബാമ, ജെയിംസ് ഫ്രാങ്കോ തുടങ്ങിയ സെലിബ്രിറ്റികളോടൊപ്പം വീഡിയോകളില്‍ പ്രത്യക്ഷപ്പെടാനുള്ള അവസരം ലഭിച്ചത് വരെയെത്തി നില്‍ക്കുന്നു ലില്ലിയുടെ ജീവിതത്തിലെ വഴിത്തിരിവുകള്‍.

ഇത്തരത്തിലുള്ള എല്ലാ സൗഭാഗ്യങ്ങള്‍ക്കും ഈ യുവതിയുടെ ജീവിതത്തില്‍ അവസരമൊരുക്കിയിരിക്കുന്നത് യൂട്യൂബ് വീഡിയോ അപ്‌ഡേഷനാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രതിഫലം നേടിയ വനിതാ യൂട്യൂബര്‍ എന്ന ബഹുമതിയും ലില്ലിയെ തേടിയെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തങ്ങളുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ വീഡിയോകളാക്കി അത് യൂട്യൂബില്‍ അപ്‌ഡേറ്റ് ചെയ്ത് പൊതുജനത്തിന് കാണാനുള്ള അവസരമൊരുക്കുകയാണ് ലില്ലിയെ പോലുള്ള യൂട്യൂബര്‍മാര്‍ ചെയ്യുന്നത്. എന്നാല്‍ എപ്പോഴും യൂട്യൂബ് ചാനലില്‍ ജനശ്രദ്ധ ആകര്‍ഷിച്ച് മുന്നേറുകയെന്നത് കടുത്ത സമ്മര്‍ദമുണ്ടാക്കുന്ന കാര്യമാണ്. ഇതിന് തനതായ കഴിവും അത്യാവശ്യമാണെന്ന് ലില്ലി തെളിയിക്കുന്നു. ഇതിലൂടെ യൂട്യൂബിലെ സൂപ്പര്‍ വുമണായി മാറാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം ലില്ലി 7.5 മില്യണ്‍ ഡോളര്‍ നേടിയാണ് യൂട്യൂബില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന വനിതയായിത്തീര്‍ന്നിരിക്കുന്നത്.

എല്ലാദിവസത്തിലെയും മിക്ക സമയവും തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ വേണ്ടിയാണ് ലില്ലി ഉപയോഗിക്കുന്നത്. തന്റെ ജീവിതത്തില്‍ മോശപ്പെട്ട ദിവസങ്ങള്‍ ഇല്ലെന്ന് തന്നെ പറയാമെന്നാണ് ലില്ലി വെളിപ്പെടുത്തുന്നത്. 2010ലായിരുന്നു അവര്‍ യൂട്യൂബിന് വേണ്ടി തന്റെ സൂപ്പര്‍ വുമണ്‍ ചാനല്‍ ലോഞ്ച് ചെയ്തിരുന്നത്. ഇതിന് അവര്‍ക്ക് 10 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാരെയും 1.5 മില്യണ്‍ വ്യൂസും ലഭിച്ചിട്ടുണ്ട്. ആദ്യം ടൊറന്റോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ലില്ലി നിലവില്‍ ലോസ് ഏയ്ജല്‍സിലാണ്. ഇന്ത്യന്‍ കുടിയേറ്റക്കാരുടെ പുത്രിയായ ലില്ലി ടൊറന്റോയിലെ സ്‌കാര്‍ബറോയിലാണ് വളര്‍ന്നത്. തന്റെ മാനസിക സമ്മര്‍ദത്തെ അതിജീവിക്കാനാണ് അവര്‍ തുടക്കത്തില്‍ യൂട്യൂബ് വീഡിയോകള്‍ നിര്‍മ്മിക്കാനാരംഭിച്ചിരുന്നത്. സൈക്കോളജിയിലെ അണ്ടര്‍ഗ്രാജ്വേറ്റ് ഡിഗ്രിയുടെ ബലത്തില്‍ തൊഴില്‍ തേടി നിരാശയായിരിക്കുമ്പോഴാണ് യൂട്യൂബില്‍ ഒരു കൈ പരീക്ഷിക്കാന്‍ ലില്ലി ശ്രമിച്ചത്. തുടര്‍ന്ന് ലില്ലിയുടെ വീഡിയോകള്‍ ഹിറ്റാവുകയും അവരുടെ നില മെച്ചപ്പെടുകയുമായിരുന്നു.

തീരെ സുപരിചിതമല്ലാത്ത പുതിയ തൊഴില്‍ മേഖലയില്‍ മകള്‍ വിജയിക്കുമോ എന്ന കാര്യത്തില്‍ തുടക്കത്തില്‍ ലില്ലിയുടെ മാതാപിതാക്കള്‍ക്ക് തികഞ്ഞ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ മകള്‍ പുതിയ വഴിയില്‍ നടന്ന് മുന്നേറിയപ്പോള്‍ അവള്‍ക്ക് തുണയായി മാതാപിതാക്കള്‍ നിലകൊള്ളുകയായിരുന്നു. യൂട്യൂബ് വീഡിയോകള്‍ക്കുള്ള സ്‌ക്രിപ്റ്റ്, ഡയറക്ഷന്‍, തുടങ്ങിയവയെല്ലാം നിര്‍വഹിക്കുന്നത് ലില്ലിയാണ്. യുവതികളെ ആകര്‍ഷിക്കുന്ന നിരവധി വിഷയങ്ങള്‍ ലില്ലി തന്റെ വീഡിയോകള്‍ക്ക് പ്രമേയമാക്കി വന്‍ ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. തന്റെ പഞ്ചാബി പാരമ്പര്യത്തെ തന്റെ വീഡിയോകള്‍ക്കുള്ള പ്രചോദനമായി ലില്ലി പ്രയോജനപ്പെടുത്തി വരുന്നുണ്ട്. ഇതിലൂടെ തന്റെ മാതാപിതാക്കളുടെ കൈയടി നേടുകയെന്നതും ലില്ലിയുടെ ലക്ഷ്യമാണ്. ഈ വര്‍ഷം യൂട്യൂബില്‍ ഏറ്റവും പ്രതിഫലം നേടിയ മൂന്നാമത്തെ യൂട്യൂബര്‍ കൂടിയാണ് ലില്ലി. യൂട്യൂബ് പ്രേക്ഷകരുടെ സൈക്കോളജി അറിഞ്ഞ് പ്രവര്‍ത്തിച്ച് മുന്നേറുകയെന്നത് അനായാസമായ കാര്യമല്ലെന്നും അതില്‍ നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നുവെന്നും ലില്ലി പറയുന്നു.

Top