എ്ൺപതോളം തടവുകാർ ക്രിസ്ത്യാനികളായി; മാനസാന്തരത്തിന്റെ പുതിയ വഴികൾ

സ്വന്തം ലേഖകൻ

ബ്യൂണസ് ഐറീസ്: അർജന്റീനയിലെ ബ്യൂണസ് ഐറീസിൽ സ്ഥിതി ചെയ്യുന്ന ജയിലിൽ കഴിയുന്ന എൺപതോളം തടവുപുള്ളികൾ ജ്ഞാനസ്‌നാനം സ്വീകരിച്ച് കത്തോലിക്ക സഭയിൽ അംഗങ്ങളായി. ഡിസംബർ ഒന്നിനാണ് തടവറയിൽ മാനസാന്തരത്തിന്റെ ഈ അത്ഭുതം സംഭവിച്ചത്. തടവുപുള്ളികൾ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്തി. സാൻ ഇസിഡ്രോ രൂപതയിലെ ഓക്‌സിലറി ബിഷപ്പ് മാർട്ടിൻ ഫാസി അർപ്പിച്ച ദിവ്യബലി മധ്യേയാണ് തടവുകാർ ജ്ഞാനസ്‌നാനവും പിന്നീട് ആദ്യകുർബാനയും സ്വീകരിച്ചത്.

നമ്മുടെ മനോഭാവത്തെ മാറ്റാനും പുതിയൊരു ചിന്താരീതി നൽകാനും യേശു നമ്മിലേക്ക് വരുകയാണെന്നും സ്വജീവിതം ക്രിസ്തുവിൽ സമർപ്പിച്ചുകൊണ്ട് യേശുവിന്റെ പാത തെരഞ്ഞെടുക്കണമെന്നും തടവുകാരോട് ബിഷപ്പ് ഫാസി പറഞ്ഞു. ദിവ്യബലിയിലും കൂദാശകർമ്മങ്ങളിലും ജയിൽ മിനിസ്ട്രി ശുശ്രൂഷകരും പങ്കെടുത്തു. കൂദാശ സ്വീകരണത്തിലൂടെ ക്രിസ്തുവിൽ ഒന്നായവരിൽ 68 പുരുഷന്മാരും 10 വനിതകളും ഉൾപ്പെടുന്നു.

സാൻ ഇസിഡ്രോ രൂപതയിലെ ബിഷപ്പ് ഓസ്‌ക്കാർ ഓജിയുടേയും സഹായമെത്രാന്റെയും പിന്തുണയോടുകൂടി സിസ്റ്റർ മരിയ ക്രിസ്റ്റീന ആൽബർണോസും 20 സന്നദ്ധ പ്രവർത്തകരുമാണ് ജയിൽ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുന്നത്. ഇവരുടെ ത്യാഗത്തിന്റെ ഫലമായാണ് ഇത്രയും തടവുപുള്ളികൾ ജ്ഞാനസ്‌നാനം സ്വീകരിച്ചത്. 2007 മുതൽ ഇവർ ഇവിടെ ശുശ്രൂഷ ചെയ്യുന്നുണ്ട്.

Latest