സ്വവര്‍ഗ വിവാഹത്തിന് പിന്തുണ നല്‍കി ഓസ്‌ട്രേലിയന്‍ ജനത…

സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കാന്‍ ഓസ്‌ട്രേലിയന്‍ ജനത പൂര്‍ണ്ണ പിന്തുണ നല്‍കി. ഇതുസംബന്ധിച്ച് നടത്തിയ ഹിതപരിശോധനയില്‍ 61.6% പേര്‍ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 38.4% പേര്‍ സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്തും വോട്ട് രേഖപ്പെടുത്തി. സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കണമെന്ന ആവശ്യം വ്യാപകമായതോടെയാണ് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് ഹിതപരിശോധന നടത്താന്‍ തീരുമാനിച്ചത്. രാജ്യത്തെ വിവാഹ നിയമം പരിഷ്‌ക്കരിക്കുന്നതിന് മുന്‍പ് ജനങ്ങളുടെ അഭിപ്രായമറിയണമെന്നായിരുന്നു പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിന്റെ നിലപാട്. എന്നാല്‍ ഓസ്‌ട്രേലിയയിലെ ക്രൈസ്തവ സഭകളും, പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രിയുടെ തീരുമാനത്തെ എതിര്‍ത്തു. ഹിത പരിശോധന സര്‍ക്കാര്‍ ഖജനാവിന് ഭീമമായ ചെലവുണ്ടാക്കുമെന്ന വാദമുയര്‍ത്തിയാണ് പ്രതിപക്ഷ സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നത്. രാജ്യത്തെ വിവാഹ നിയമം പരിഷ്‌ക്കരിക്കണമെന്ന ആവശ്യത്തില്‍ ഹിതപരിശോധന നടത്തുമെന്ന് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ കഴിഞ്ഞവര്‍ഷം വ്യക്തമായിരുന്നു. മാസങ്ങള്‍ നീണ്ടുനിന്ന നടപടിക്രമങ്ങള്‍ക്കൊടുവിലാണ് സെപ്റ്റംബര്‍ മുതല്‍ ഹിതപരിശോധന ആരംഭിച്ചത്. ഹിതപരിശോധനയില്‍ പങ്കെടുത്തവരില്‍ 61.6% പേര്‍ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കണമെന്നതിനെ അനുകൂലിച്ചപ്പോള്‍ 38.4% പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. അനുകൂല പ്രതികരണം ലഭിച്ചതോടെ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് ഡിസംബര്‍ അവസാനത്തോടെ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കുന്ന ബില്‍ പാസാക്കും. ബില്‍ പാസാക്കിയാല്‍ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കുന്ന 26-ാമത്തെ രാജ്യമാകും ഓസ്‌ട്രേലിയ. അയര്‍ലന്‍ഡ് ആണ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ ലോകത്തെ ആദ്യരാജ്യം.

രാജ്യത്തെ 80% വോട്ടര്‍മാരും ഹിതപരിശോധനയില്‍ പങ്കാളികളായെന്നാണ് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ അവകാശപ്പെട്ടത്. ഇത് സ്‌നേഹത്തിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വവര്‍ഗാനുരാഗികളുടെ ക്യാമ്പയിനുകള്‍ക്ക് പ്രധാനമന്ത്രി നേരത്തെ പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയിലെ ക്രൈസ്തവ സഭകളടക്കം സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ ശക്തമായി എതിര്‍ത്തു. ഈ സാഹചര്യത്തിലാണ് മാല്‍ക്കം ടേണ്‍ബുള്‍ ഹിത പരിശോധനയെന്ന ആശയം മുന്നോട്ട് വെച്ചത്. സെന്‍ട്രല്‍ സിഡ്‌നി പാര്‍ക്കില്‍ ഒത്തുകൂടിയവര്‍ ആര്‍പ്പുവിളിച്ചാണ് ഹിതപരിശോധന ഫലത്തെ സ്വാഗതം ചെയ്തത്. മഴവില്‍ വസ്ത്രങ്ങള്‍ ധരിച്ചെത്തിയവര്‍ യെസ് ഫോര്‍ ലൗ എന്ന മുദ്രാവാക്യം മുഴക്കിയാണ് ചരിത്രനിമിഷം ആഘോഷിച്ചത്. പാര്‍ക്കിലൊരുക്കിയ ബിഗ് സക്രീനിലൂടെയാണ് ഹിതപരിശോധന ഫലം സര്‍ക്കാര്‍ പുറത്തുവിട്ടത്. ഓസ്‌ട്രേലിയന്‍ ജനതയുടെ പിന്തുണ സന്തോഷം നല്‍കുന്നതാണെന്ന് ഒളിംപിക് നീന്തല്‍ താരവും സ്വവര്‍ഗാനുരാഗിയുമായ ഇയാല്‍ തോര്‍പ്പ് വ്യക്തമാക്കി.

Latest
Widgets Magazine