നാണയം ടോസ് ചെയ്ത് അധ്യാപക നിയമനം; കോണ്‍ഗ്രസ് മന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി

ഛണ്ഡീഗഡ്: നാണയം ടോസ് ചെയ്ത് അധ്യാപകരെ നിയമിച്ച കോണ്‍ഗ്രസ് മന്ത്രി വിവാദത്തില്‍. പഞ്ചാബിലെ സാങ്കേതിക, വിദ്യാഭ്യാസ മന്ത്രി ചരണ്‍ജിത് സിങ് ചാനിയാണ് ടോസ് ചെയ്ത് അധ്യാപകരെ നിയമിച്ച് വിവാദത്തിലായിരിക്കുന്നത്. ടോസ് ചെയ്ത് അധ്യാപകരെ തെരഞ്ഞെടുക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് പഞ്ചാബിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് കുരുങ്ങിയിരിക്കുന്നത്. അതേസമയം നേരായ വഴിയിലൂടെയാണ് നിയമനം നടന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം. പഞ്ചാബ് സര്‍വീസ് കമ്മീഷന്‍ മുഖേന 37 അധ്യപകരുടെ നിയമനമാണ് നടന്നത്. ഇതില്‍ 2 പേര്‍ പട്യാല പോളി ടെക്‌നിക്കല്‍ നിയമനം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ടോസ് ചെയ്ത് നിയമനം നടത്താമെന്ന് തീരുമാനിക്കുന്നത്. എന്നാല്‍ കഴിവില്‍ മുന്നിലുള്ള ആളെ നിയമിക്കണമെന്നാണ് മറ്റ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതെങ്കിലും മന്ത്രി ടോസ് എന്ന ആശയത്തില്‍ എത്തുകയായിരുന്നു. കൂട്ടച്ചിരിയോടെയാണ് ആളുകള്‍ മന്ത്രിയുടെ തീരുമാനം സ്വീകരിച്ചത്. നിയമനം ആവശ്യപ്പെട്ട രണ്ടുപേരും പട്യാലയില്‍ നിന്നുള്ളവരായിരുന്നെന്നും കഴിവിലും ഇരുവരും മുന്നിലായിരുന്നെന്നും മന്ത്രി പറയുന്നു. അവരുടെ അനുമതിയോടെയാണ് ടോസിങിലേക്ക് പോയതെന്നും മന്ത്രി അറിയിച്ചു. വേള്‍ഡ് കപ്പ് ക്രിക്കറ്റില്‍ പോലും ടോസിങിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുന്നു. അതുകൊണ്ട് ഇത് വിവാദമാക്കേണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ചരണ്‍ സിങ് സാപ്രാ അഭിപ്രായപ്പെട്ടത്. അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെയും മന്ത്രിക്കെതിരെയും ശക്തമായ പ്രതിഷേധമാണ് ബിജെപിയും മറ്റ് പാര്‍ട്ടികളും രേഖപ്പെടുത്തിയത്. മന്ത്രി രാജിവയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

Top