തൃശൂര്‍: സംസ്ഥാനത്തെ എയ്ഡഡ് മാനേജ്‌മെന്റ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാരാണെങ്കിലും അധ്യാപക നിയമനത്തിനായി മാനേജ്‌മെന്റുകള്‍ ലക്ഷങ്ങളാണ് കോഴവാങ്ങുക. സ്വകാര്യ മാനേജ് മെന്റുകളും മതസ്ഥാപനങ്ങളും ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ലാതെ മത്സരത്തിലാണ്. അങ്ങിനെ കോഴ വാങ്ങുന്ന പള്ളിസ്‌കൂളിലെ ലക്ഷങ്ങള്‍ കമ്മിറ്റിക്കാരും ഇടവക വികാരിയും അടിച്ചുമാറ്റിയ സംഭവമാണ് കോട്ടപ്പുറം രൂപതയില്‍ ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
പള്ളി സ്‌കൂളിന്റെ ലക്ഷങ്ങള്‍ അടിച്ചുമാറ്റിയ വികാരിയെ രൂപതയുടെ നിരവധി സ്‌കൂളുകളുടെ മാനേജരായും നിയമിച്ചതോടെ കടുത്ത പ്രതിഷേധത്തിലാണ് വിശ്വാസികള്‍. സംഭവം നടക്കുന്നത് കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള മതിലകം സെന്റ് ജോസഫ് ലത്തിന്‍ പള്ളി സ്‌കൂളിലാണ് അധ്യാപക നിയമനത്തിനായി വാങ്ങിയ ലക്ഷങ്ങള്‍ കമ്മിറ്റിക്കാരും ഇടവക വികാരിയായിരുന്ന ഫാ ജോസഫ് കുന്നത്തൂരും ചേര്‍ന്ന് അടിച്ചുമാറ്റുകയായിരുന്നെന്നാണ് ആരോപണമുയര്‍ന്നത്.
കണക്കുകളില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് കയ്യോടെ പിടിച്ചതോടെ സ്‌കൂള്‍ കമ്മിറ്റി സെക്രട്ടറിയുള്‍പ്പെടെ കമ്മിറ്റിയംഗങ്ങളെ ബഹിഷ്‌ക്കരിക്കാനും പണം തിരിച്ചുപിടിക്കാനും ഇടവക പൊതുയോഗം തീരുമാനിച്ചിരുന്നു. ഇതിനായി ഇടവക വിശ്വാസികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപികരിക്കുകയും ചെയ്തു. പക്ഷെ അടിച്ചുമാറ്റിയ പണത്തില്‍ രൂപതയിലെ മറ്റ് വൈദികരും പങ്കുവച്ചെന്ന വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ കോട്ടപ്പുറം രൂപതാ ആസ്ഥാനവും നാണക്കേടിന്റെ വക്കിലായി.
ബിഷപ്പ് ഹൗസിലെ സുപ്രധാന ചുമതലയുള്ള വൈദികന്‍ അധ്യാപകരുടെ അഭിമുഖത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ കൈപ്പറ്റുകയായിരുന്നുവെന്ന വിവരമാണ് പുറത്തായത് ഇതോടെ മുന്‍ വികാരിയെയും സംരക്ഷിച്ച് കള്ളന്‍മാരെ വിശുദ്ധരാക്കാനുള്ള നീക്കമാണ് കോട്ടപ്പുറം രൂപത നടത്തുന്നതെന്നാണ് ആരോപണമുയരുന്നത്. കൈക്കുലി വാങ്ങിയ പണമായതിനാല്‍ നിയമയുദ്ധം നടക്കില്ലെന്നറിഞ്ഞ വൈദികനാണ് ഈ തട്ടിപ്പിന് നേതൃത്വം നല്‍കിയത്. അധ്യാപക നിയമനത്തിനും കെട്ടിട നിര്‍മ്മാണത്തിലുമായാണ് ഒരു കോടിയില്‍ പരം രൂപ ഇവര്‍ അടിച്ചുമാറ്റിയതെന്ന് ഇടവകക്കാര്‍ പറയുന്നു. അഴിമതി കയ്യോടെ കണ്ടെത്തിയട്ടും വൈദികന് ഉന്നത പദവി കൊടുത്ത രൂപതയ്‌ക്കെതിരായ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് വിശ്വാസികള്‍