കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സംഖ്യം ആകാം,രാഷ്ട്രീയ സഖ്യം പാടില്ല.. സി.പി.എം പാർട്ടി കോൺഗ്രസ് ‘

ന്യൂഡൽഹി: കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സംഖ്യം ആകാമെന്ന് സി.പി.എം പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ തീരുമാനമായി. കടുത്ത വിഭാഗീയത ബാലറ്റിലേക്ക് എത്തുന്ന അവസരത്തിലാണ് രാഷ്ട്രീയ റിപ്പോർട്ടിൽ തിരുത്തൽ വരുത്തി സമവായത്തിൽ എത്തിയത് .അതേസമയം പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നതായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കരട് രാഷ്ട്രീയ പ്രമേയത്തിൽ ഭേദഗതികൾ വരുത്തിയെന്നും പരസ്യ വോട്ടിംഗിലൂടെയാണു ഭേദഗതികൾ പാസാക്കിയതെന്നും യെച്ചൂരി അറിയിച്ചു.

യെച്ചൂരി-കാരാട്ട് പക്ഷങ്ങളുടെ വാദങ്ങൾ കണക്കിലെടുത്തുളള ഭേദഗതിയാണ് പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിച്ചത്. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ല എന്ന കരടു രാഷ്ട്രീയ പ്രമേയത്തിലെ നിർദേശം മാറ്റി പകരം കോണ്‍ഗ്രസുമായി രാഷ്ട്രീയ മുന്നണി പാടില്ല എന്നാക്കി മാറ്റി. പാർലമെന്‍റിനകത്തും പുറത്തും കോണ്‍ഗ്രസുമായി യോജിക്കാമെന്ന നിർദേശവും ഒഴിവാക്കി. ഇതിനു പകരം ആവശ്യമെങ്കിൽ യോജിക്കാമെന്ന ഭേദഗതി നിർദേശം അംഗീകരിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ, കോണ്‍ഗ്രസുമായി ധാരണയാവാമെന്ന യെച്ചൂരിയുടെ ലൈൻ തള്ളിയെങ്കിലും ഒരു ധാരണയും നീക്കുപോക്കും പാടില്ലെന്ന ആവശ്യത്തിൽനിന്ന് മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പിന്നോട്ടുപോയിരുന്നു. കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച പരാമർശത്തിൽ മണിക് സർക്കാരും പിണറായി വിജയനുമടക്കമുള്ള നേതാക്കൾ മുന്നോട്ടു വച്ച ഒത്തുതീർപ്പ് നിർദേശങ്ങളാണ് സ്റ്റിയറിംഗ് കമ്മിറ്റി അംഗീകരിച്ചത്. തുടർന്നാണ്

പാർട്ടി കോൺഗ്രസിലെ ഭിന്നത സി.പി.എം പരിഹരിച്ചത് .
പൊതുചർച്ച പൂർത്തിയായ ശേഷം ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് സമവായത്തിന് വഴി തെളിഞ്ഞത്. കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ പാടില്ല എന്ന നിലപാട്, കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ല എന്ന് മാറ്റിയെഴുതിയാണ് പോളിറ്റ് ബ്യൂറോ ഒത്തുതീർപ്പ് കൊണ്ടുവന്നത്. രാഷ്ട്രീയ സഖ്യമില്ല എന്നതിൽ തെരഞ്ഞെടുപ്പ് സഖ്യവും ഉൾപ്പെടും എന്ന് പ്രകാശ് കാരാട്ട് വിശദീകരിച്ചു. അതേ സമയം പ്രമേയം മാറ്റിയെഴുതിയത് വിജയമായി ബംഗാൾ പക്ഷം അവകാശപ്പെടുന്നു.

സി.പി.എം പാർട്ടി കോൺഗ്രസിൽ പൊതുചർച്ച പൂർത്തിയായ ശേഷം ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് സമവായത്തിന് വഴി തെളിഞ്ഞത്. പാർട്ടിയിൽ ഐക്യം സൂക്ഷിക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ പോകുന്നത് ഉചിതമാവില്ലെന്ന് ബംഗാൾ ഘടകം വാദിച്ചു. ബംഗാളിൽ നിന്നുള്ള നാല് പി.ബി അംഗങ്ങളും ശക്തമായ നിലപാടെടുത്തതോടെ സമവായം വേണമെന്ന് മണിക് സർക്കാരും വാദിച്ചു. തുടർന്ന് യെച്ചൂരി താൻ അവതരിപ്പിച്ച ന്യൂനപക്ഷ വീക്ഷണം പ്രമേയത്തിന്റെ ഭാഗമാക്കണമെന്ന ആവശ്യം പിൻവലിച്ചു. പ്രമേയത്തിൽ മാറ്റം വരുത്താൻ കാരാട്ട് പക്ഷം തയ്യാറായി.

പ്രമേയത്തിലെ രണ്ടാം ഭാഗത്തെ 115-ാം ഖണ്ഡികയിലെ  ഒരു വാചകത്തെ ചൊല്ലിയായിരുന്നു പ്രധാന തർക്കം. ബി.ജെ.പിക്കെതിരെ മതേതര ജനാധിപത്യ പാർട്ടികളെ സംഘടിപ്പിക്കുമ്പോൾ കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ പാടില്ല എന്നതായിരുന്നു ഈ വാചകം. ഇത് ഇങ്ങനെ മാറ്റിയെഴുതി. ‘മതേതര ജനാധിപത്യ പാർട്ടികളെ സംഘടിപ്പിക്കുമ്പോൾ കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ല’. പാർട്ടിയിൽ ഐക്യവും യോജിപ്പും വേണമെന്ന നിലപാട് യെച്ചൂരി ആദ്യം പ്രകടിപ്പിച്ചു. അതിനു ശേഷം സംസാരിച്ച പ്രകാശ് കാരാട്ട് കോൺഗ്രസിനെ വിമർശിച്ചു. കോൺഗ്രസുമായി സഖ്യത്തിനു കഴിയില്ല എന്ന് പറയുമ്പോൾ ഭാവിയിൽ തെരഞ്ഞെടുപ്പ് സമയത്തെടുക്കുന്ന സമീപനത്തിലും അത് പ്രതിഫലിക്കുമെന്ന് കാരാട്ട് പറഞ്ഞു.

അതേസമയം പാർലമെന്റിലും പുറത്തും കോൺഗ്രസുമായി യോജിച്ച് സമരങ്ങൾ നടത്താമെന്ന ഖണ്ഡിക പരിഷ്കരിച്ച് ഉൾപ്പെടുത്തി. രഹസ്യബാലറ്റെന്ന ആവശ്യം പന്ത്രണ്ട് സംസ്ഥാന ഘടകങ്ങൾ ഉന്നയിക്കുകയും പാർട്ടിയിൽ ശക്തമായ ഭിന്നത ഉണ്ടെന്ന് ചർച്ചയിൽ വ്യക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് വോട്ടെടുപ്പിലൂടെ പരിഹരിക്കാം എന്ന നിലപാട് മാറ്റാൻ പ്രകാശ് കാരാട്ട് പക്ഷം തയ്യാറായത്. കരട് രാഷ്ട്രീയ പ്രമേയം ഒടുവിൽ ഭേദഗതിയോടെ അംഗീകരിച്ചത് ഏകകണ്ഠമായിട്ടല്ല. ചിലർ എതിർത്തു. എങ്കിലും പാർട്ടിയെ പ്രതിസന്ധിയിലാക്കുമായിരുന്ന ഭിന്നത ഒഴിവാക്കാൻ പാർട്ടി കോൺഗ്രസിൽ കഴിഞ്ഞു.

Top