സിപിഎം പാർട്ടി കോൺഗ്രസിൽ കിം ജോംങ് ഉന്നിന്റെ പ്രതിനിധിയും: രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും, മുഖ്യമന്ത്രി പിണറായി വിജയനും ഉത്തരകൊറിയൻ ഏകാധിപതി കിം ജോംങ് ഉന്നിനെ പിൻതുണച്ചതിനു പിന്നാലെ സിപിഎം പാർട്ടി കോൺഗ്രസിൽ കിമ്മിന്റെ പ്രതിനിധി പങ്കെടുക്കുമെന്നു സൂചന. വിദേശ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ സിപിഎം സമ്മേളനങ്ങളിൽ പങ്കെടുക്കുക പതിവുണ്ട്. ഈ പതിവ് പ്രകാരമാണ് ഇക്കുറി ഉത്തരകൊറിയൻ ഏകാധിപതി കിം ജോംങ് ഉന്നിന്റെ പ്രതിനിധി പ്‌ങ്കെടുക്കുന്നതെന്നാണ് സൂചന.
ഇതേ തുടർന്നു ഹൈദരാബാദിൽ ഏപ്രിൽ 18 മുതൽ 22 വരെ നടക്കുന്ന 22-ാം സി.പി.എം പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കുന്നവരുടെ പട്ടിക തേടി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സിപിഎം കേന്ദ്ര കമ്മിറ്റിയെ സമീപിച്ചിട്ടുണ്ട്.
അടുത്തയിടെ കൊച്ചിയിൽ നടന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ഇടതുപക്ഷ പാർട്ടികളുടെ കൂടിക്കാഴ്ചയിൽ പാക്കിസ്ഥാനിലെ കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾക്ക് വിസ പ്രശ്നം കാരണം പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയുമായി മാത്രമല്ല ലോകത്ത് ചൈനയും ക്യൂബയും ഉൾപ്പെടെ വിരലിലെണ്ണാവുന്ന രാജ്യങ്ങൾ ഒഴികെ മറ്റൊരു രാജ്യവുമായും നയതന്ത്ര ബന്ധമില്ലാത്ത രാജ്യമാണ് ഉത്തര കൊറിയ.

പാർട്ടി സമ്മേളനത്തോടനുബന്ധിച്ച് ക്ഷണിക്കുന്ന വിദേശ പ്രതിനിധികളിൽ കമ്യൂണിസ്റ്റ് രാജ്യമായ ഇവിടെ നിന്നും പ്രതിനിധികളെ പങ്കെടുപ്പിക്കാൻ ഇത്തവണ സി.പി.എമ്മും സി.പി.ഐയും ശ്രമിക്കുമെന്നാണ് ഐ.ബിയുടെ നിഗമനം. അതുകൊണ്ട് തന്നെയാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അതീവ ജാഗ്രത പുലർത്തുന്നത്.

ഉത്തര കൊറിയൻ പ്രതിനിധികളെ പങ്കെടുപ്പിക്കാൻ സി.പി.എം തീരുമാനിച്ചാൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ‘റെഡ് സിഗ്നൽ’ ഉയരാനാണ് സാധ്യത.

അമേരിക്കക്ക് മാത്രമല്ല ലോക രാഷ്ട്രങ്ങൾക്കാകെ ഭീഷണിയാണ് ഉത്തര കൊറിയയുടെ ആണവ പരീക്ഷണമെന്നതാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.

സി.പി.എം ആകട്ടെ സാമ്രാജ്വത്തെ ശക്തികൾക്കെതിരായ ചെറുത്തുനിൽപ്പാണ് ഉത്തര കൊറിയ ഇപ്പോൾ നടത്തുന്നതെന്ന നിലപാടിലാണ്.

കേരള മുഖ്യമന്ത്രിയും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ നേരത്തെ കിം ജോങ് ഉന്നിനെ പിന്തുണച്ച് സംസാരിച്ചത് ബി.ജെ.പി വിവാദമാക്കിയിരുന്നു.

ഇപ്പോൾ മറ്റൊരു പോളിറ്റ് ബ്യൂറോ അംഗവും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനും ഉത്തര കൊറിയയെ അനുകുലിച്ച് പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. ഉത്തര കൊറിയയെ ഇല്ലാതാക്കാനാണ് അമേരിക്കയുടെ ശ്രമമെന്നാണ് കോടിയേരിയുടെ ആരോപണം.

അമേരിക്കൻ കടന്നാക്രമണത്തെ ചെറുക്കാനുള്ള ബാധ്യത ഉത്തര കൊറിയക്കുണ്ടെന്നും അതിനാണ് ആയുധ ശേഖരണം നടത്തുന്നതെന്നുമാണ് കോടിയേരി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സി.പി.എം ആലപ്പുഴ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം നേതാക്കളുടെ ഈ ഉത്തര കൊറിയൻ പ്രേമം പാർട്ടി സമ്മേളന വേദിയിൽ പ്രകടമാകുമോയെന്നതാണ് ഇനി അറിയാനുള്ളത്.

എന്തായാലും കിമ്മിന്റെ കമ്യൂണിസ്റ്റ് കൊറിയയുടെ പ്രതിനിധിയെ സി.പി.എം പാർട്ടി കോൺഗ്രസ്സിലേക്ക് ക്ഷണിച്ചാൽ അത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുമെന്ന കാര്യം ഉറപ്പാണ്.

Top