ദിലീപിന്‍റെ വിധി ഉടന്‍; കുറ്റപത്രവും ഈയാഴ്ച

നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഈയാഴ്ച പറഞ്ഞേക്കും. ജാമ്യത്തിനായി ഇതു അഞ്ചാം തവണയാണ് ദിലീപ് കോടതിയെ സമീപിക്കുന്നത്. ഇതിനകം രണ്ടു തവണ ഹൈക്കോടതിയും രണ്ടു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും താരത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതിനിടെ കേസില്‍ കുറ്റപത്രം ഈയാഴ്ച തന്നെ സമര്‍പ്പിക്കും. ദിലീപ് ജയിലിലായിട്ടു 90 ദിവസം പൂര്‍ത്തിയാവുന്നതിനു മുമ്പ് തന്നെയാണ് അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നത്. ദിലീപ് നല്‍കിയ ജാമ്യ ഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദം കഴിഞ്ഞയാഴ്ച കോടതി കേട്ടിരുന്നു. പിന്നീട് വിധി പറയാന്‍ കോടതി മാറ്റുകയായിരുന്നു. പൂജയെ തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ കോടതി നീണ്ട അവധിയിലായിരുന്നു. അതുകൊണ്ടു തന്നെ ഈയാഴ്ച ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയും. കഴിഞ്ഞ രണ്ടു തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ഇത്തവണയും ഹര്‍ജിയില്‍ വിധി പറയുന്നത്. ദിലീപിനെ സംബന്ധിച്ചിടത്തോളം ഇതു പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയിലാണ് ദിലീപും ആരാധകരും. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനാ കുറ്റമാണ് ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത്. ദിലീപ് തനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നാണ് ഒന്നാം പ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരിക്കുന്നത്.

ഹൈക്കോടതി ഇത്തവണയും ജാമ്യം തള്ളിയാല്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ പദ്ധതിയെന്നും സൂചനയുണ്ട്. കേസില്‍ കുറ്റപത്രം ഈയാഴ്ച തന്നെ സമര്‍പ്പിക്കും. ഒക്‌ടോബര്‍ ഏഴിനു കുറ്റപത്രം നല്‍കുമെന്നാണ് നേരത്തേ അന്വേഷണസംഘം കോടതിയെ അറിയിച്ചത്. ചിലപ്പോള്‍ ആറിനു തന്നെ കുറ്റപത്രം നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top