ജാമ്യത്തിന് പിന്നാലെ ദിലീപ് വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക്; കമ്മാരസംഭവത്തിന്‍റെ ഷൂട്ടിങ് വേങ്ങരയില്‍ പുനരാരംഭിച്ചു

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ നടന്‍ ദിലീപ് വീണ്ടും സിനിമാ ചിത്രീകരണ തിരക്കിലേക്ക്. ദിലീപിന്റെ അറസ്റ്റോടെ പ്രതിസന്ധിയിലായ കമ്മാരസംഭവം എന്ന സിനിമയുടെ ഷൂട്ടിങ്ങ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ പുനരാരംഭിച്ചു. സമകാലിക രാഷ്ട്രീയം പ്രമേയമാക്കുന്ന സിനിമക്കായി വേങ്ങര ഉപതെരഞ്ഞെടുപ്പ് ചിത്രീകരിക്കാനാണ് സംഘം എത്തിയത്. മൂന്നുദിവസമാണ് വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ഷൂട്ടിങ്. ദിലീപ് ചിത്രീകരണ സംഘത്തോടൊപ്പം ചേര്‍ന്നിട്ടില്ല. ഇരുപതാം തിയതിയോടെ എത്തിച്ചേരുമെന്നാണ് കരുതുന്നത്. ദിലീപ് എത്തിയാല്‍ 25 ദിവസത്തിനകം ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. വേങ്ങര ബസ് സ്റ്റാന്‍ഡ്, കുന്നുംപുറം, കോട്ടയ്ക്കല്‍ ടൗണിനോട് അടുത്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഇന്നലെ ഷൂട്ടിങ് നടന്നത്. എറണാകുളം, ചെന്നൈ, തിരുവനന്തപുരം,തേനി എന്നിവിടങ്ങളാണ് മറ്റ് ഷൂട്ടിങ് ലൊക്കേഷനുകള്‍. 20 കോടി രൂപ ചെലവിട്ട് ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ രതീഷ് അമ്പാട്ടാണ്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ. സിനിമയുടെ ചിത്രീകരണം മലയാറ്റൂര്‍ വനത്തില്‍ പുരോഗമിക്കുന്നതിനിടയില്‍ ജൂലൈയിലായിരുന്നു ദിലീപിന്റെ അറസ്റ്റ് നടന്നത്. ദിലീപ്, ബോബി സിന്‍ഹ, സിദ്ധാര്‍ത്ഥ് എന്നിവര്‍ക്കൊപ്പമുളള കോമ്പിനേഷന്‍ സീനുകളാണ് ഇനി ചിത്രീകരിക്കാനുളളത്.

Latest
Widgets Magazine