15കാരിക്ക് അകത്താക്കിയത് രണ്ടു കിലോ തലമുടി; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 15കാരിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് രണ്ട് കിലോ തലമുടി. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടത്തിയ അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെയാണ് പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്നും രണ്ട് കിലോ തലമുടി പുറത്തെടുത്തത്. മൂന്നു മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരായ ഷാഫി അലി ഖാന്‍, ലിജു വര്‍ഗിസ്, ജേക്കബ് ജോണ്‍ തിയോഫിലിയസ്, ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തമിഴ്‌നാട് കന്യാകുമാരി സ്വദേശിനിയായ പതിനഞ്ചുകാരിയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിച്ചത്. തമിഴ്‌നാട് കന്യാകുമാരി സ്വദേശിനിയായ പെണ്‍കുട്ടിക്ക് ഇതിനു മുന്‍പ് കാര്യമായ മറ്റു അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. കഠിനമായ വയറുവേദന, വിശപ്പില്ലായ്മ, തുക്കക്കുറവ്, ഛര്‍ദ്ദി, തുടങ്ങിയ രോഗങ്ങളുമായാണ് പെണ്‍കുട്ടിയെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണരീതിയില്‍ എന്തെങ്കിലും ചെറിയ ശാരീരിക അസ്വസ്ഥതകളാകുമെന്നാണ് വീട്ടുകാരും കരുതിയിരുന്നത്. കിംസ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയുടെ വയറ്റില്‍ ഒരു വലിയ മുഴയുണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇതെന്താണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. ഇതിനിടെ പെണ്‍കുട്ടിയുടെ ഹീമോഗ്ലോബിന്‍, പ്ലേറ്റ്‌ലെറ്റ് എന്നിവ കുറവാണെന്നും പരിശോധനയില്‍ വ്യക്തമായി. ഇമ്യൂണ്‍ ത്രോംബൊസൈറ്റോപീനിക് പര്‍പ്യൂറ എന്ന വിരളമായ അവസ്ഥയാണ് രക്തകോശങ്ങള്‍ കുറയാന്‍ കാരണമെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി.

ഇതിനിടെ പെണ്‍കുട്ടിക്ക് അപ്പര്‍ ജിഐ എന്‍ഡോസ്‌കോപ്പി ചെയ്യാന്‍ ശ്രമിച്ചെങ്കിലും വലിയ മുഴയുടെ സാന്നിദ്ധ്യം പരാജയപ്പെട്ടു. തുടര്‍ന്ന് സിടി സ്‌കാന്‍ നടത്തിയപ്പോഴാണ് അത്യാവശ്യം വലിപ്പത്തിലുള്ള വലിയ മുഴ വയറിനുള്ളില്‍ നിന്നും പുറത്തേക്ക് തള്ളിനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെയാണ് പെണ്‍കുട്ടിയെ എത്രയും പെട്ടെന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. തലമുടിയുടെ വലിയ ഒരു മുഴ വയറിലോ, കുടലിലോ കാണപ്പെടുന്ന ട്രിക്കോബെസോര്‍ എന്ന അത്യപൂര്‍വ്വ അവസ്ഥയാണിതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പെണ്‍കുട്ടിക്കോ, അമ്മയ്‌ക്കോ ഓര്‍ത്തെടുക്കാന്‍ സാധിക്കാത്ത ഒരു സ്വഭാവവൈകല്യമായ സ്വന്തം തലമുടി കടിക്കുക എന്നതുമൂലമാണ് ഇങ്ങനെ സംഭവിച്ചത്. രക്തക്കുറവ് ശരിയാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയ മൂന്നു മണിക്കൂറോളം നീണ്ടുനിന്നു. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടി അതിവേഗം സുഖം പ്രാപിക്കുന്നതായും വായില്‍ക്കൂടി ദ്രവരൂപത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top