ബിജെപിക്ക് കനത്ത തിരിച്ചടി; സ്വന്തം മണ്ഡലത്തില്‍ അടിപതറി യോഗി; ഉത്തര്‍ പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ എസ്പിക്ക് മുന്നേറ്റം

ന്യൂഡല്‍ഹി: യുപി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ വിയര്‍ത്ത് ബിജെപി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പുരിലും ബിജെപിയുടെ ലീഡ് താഴേക്കു പോയി. രണ്ടിടത്തും സമാജ്‌വാദി പാര്‍ട്ടിയുടെ (എസ്പി) സ്ഥാനാര്‍ഥികളാണ് മുന്നിട്ടുനില്‍ക്കുന്നത്. ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അരാരിയ ലോക്‌സഭാ സീറ്റിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി സഖ്യം പിന്നിലാണ്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച ഗോരഖ്പൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ രണ്ട് റൗണ്ടുകളിലും മുന്നിലായിരുന്ന ബിജെപിയെ മറികടന്ന് എസ്പി സ്ഥാനാര്‍ഥി മുന്നിലെത്തി. ഇ്‌പ്പോള്‍ എട്ട് റൗണ്ട് വോട്ടെണ്ണിയപ്പോള്‍ 10,600 വോട്ടിന്റെ ലീഡുമായി എസ്പി സ്ഥാനാര്‍ത്ഥി കുതിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗൊരഖ്പുരില്‍ എട്ട് റൗണ്ട് വോട്ടെണ്ണി തീര്‍ന്നപ്പോള്‍ 10598 വോട്ടിന്റെ ലീഡ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിക്കുണ്ട്. ഫുല്‍പുരില്‍ പതിനൊന്ന് റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 15713 വോട്ടിന്റെ ലീഡ് നേടിയിട്ടുണ്ട്.

2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ യോഗി മൂന്നു ലക്ഷത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ എം.പി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് നടന്ന ഫൂല്‍പുറിലെ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിലും ബിജെപി തിരിച്ചടി നേരിടുകയാണ്.

തുടക്കത്തില്‍ ലീഡ് നേടിയെങ്കിലും രണ്ടാം റൗണ്ടോടെ ചിത്രം മാറി. എസ്പി സ്ഥാനാര്‍ഥി ലീഡ് പിടിക്കുകയായിരുന്നു. ഫൂല്‍പ്പൂരിലും കഴിഞ്ഞ തവണ കേശവ് പ്രസാദ് മൗര്യ മൂന്നു ലക്ഷത്തിലധികം വോട്ടിന് ജയിച്ച സ്ഥാനത്താണിത്.

രണ്ട് മണ്ഡലങ്ങളിലും എസ്പി സ്ഥാനാര്‍ഥികള്‍ക്ക് ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരുന്നാല്‍ ഫലം മറിച്ചാകുമെന്ന് ഈ ഉപതിരഞ്ഞെടുപ്പ് തെളിയിച്ചാല്‍ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം തന്നെ യുപിയില്‍ മാറിയേക്കാം.

കോണ്‍ഗ്രസ് മത്സരിച്ചെങ്കിലും ഈ രണ്ട് മണ്ഡലങ്ങളിലും നാമമാത്രമായ വോട്ട് മാത്രമാണ് കിട്ടിയത്.

Top