മരിച്ചവരുടെ ചിത്രം ഫ്‌ളെക്‌സില്‍ കണ്ടിട്ടുണ്ട്, എന്നാല്‍ മരിച്ചവരുടെ വീട്ടില്‍ പോകുന്നവരുടെ ചിത്രം ഫ്‌ളക്‌സ് അടിച്ച് വയ്ക്കുന്നത് ആദ്യമായാണ് കാണുന്നത്’; സോഷ്യല്‍ മീഡിയ പറയുന്നു ‘ദുരന്തങ്ങള്‍’

മരണവീട്ടില്‍ നേതാക്കള്‍ പോകുന്നതിനും ഫ്‌ളെക്‌സ് അടിച്ചുവെച്ച് ബിജെപി അപഹാസ്യരായി. വരാപ്പുഴയില്‍ കസ്റ്റഡി മരണത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് തൃപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് സന്ദര്‍ശിക്കുന്നുവെന്ന ഫ്‌ളെക്‌സ് ബോര്‍ഡാണ് കൊച്ചി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഉയര്‍ന്നത്.ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയ ബിപ്ലവിനെ ശ്രീജിത്തിന്റെ വീട്ടിലെത്തിച്ച്, സിപിഎമ്മിന് പ്രഹരമേല്‍പ്പിക്കാനാണ് ബിജെപി നേതാക്കള്‍ കണക്കു കൂട്ടിയത്. എന്നാല്‍ നേതാക്കളുടെ ഫ്‌ളെക്‌സ് പ്രേമം ആ നീക്കത്തെ അപഹാസ്യമാക്കി.

ബിപ്ലവ് കുമാര്‍ ദേബ് ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കുമെന്ന് കഴിഞ്ഞ രാത്രിയാണ് ഉറപ്പ് ലഭിച്ചത്. തൊട്ടു പുറകെ നഗരത്തില്‍ ഫ്‌ളെക്‌സുകള്‍ ഉയരുകയായിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് എന്‍കെ മോഹന്‍ദാസ് എന്നിവരുടെ ചിത്രങ്ങളും ബിപ്ലവിന്റെ ചിത്രത്തിനൊപ്പം ഫ്‌ളെക്‌സുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബഹുമാനപ്പെട്ട തൃപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കുന്നു മെയ് 24 വ്യാഴാഴ്ച രാവിലെ 8 മണിക്ക് എന്നാണ് ഫ്‌ളെക്‌സുകളിലെ വാചകം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിക്ക് അകത്ത് തന്നെ ഈ നീക്കത്തിനെതിരെ വികാരമുയര്‍ന്നിട്ടുണ്ട്. മരണവീട് സന്ദര്‍ശിക്കുന്നതിന് നേതാക്കളുടെ മുഖങ്ങള്‍ വെച്ച് ഫ്‌ളെക്‌സ് അടിക്കുന്നത് മര്യാദയാണോയെന്നാണ് ബിജെപിയിലെ മുരളീധര വിഭാഗക്കാരുടെ സംശയം.അതോടൊപ്പം ബിജെപിയുടെ ഈ നീക്കത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പരിഹാസമാണ് ഉയരുന്നത്. ‘മരിച്ചവരുടെ ചിത്രം ഫ്‌ളെക്‌സില്‍ കണ്ടിട്ടുണ്ട്, എന്നാല്‍ മരിച്ച വീട്ടില്‍ പോകുന്നവരുടെ ചിത്രം ആദ്യമായാണ് ഫ്‌ളെക്‌സ് അടിച്ചു വയ്ക്കുന്നത് കാണുന്നതെന്ന..’ അടിക്കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം ഉയര്‍ത്തുന്നത്. വിവിധ ഗ്രൂപ്പുകളിലേക്ക് ശരവേഗത്തില്‍ ഷെയര്‍ ചെയ്യപ്പെടുന്ന പോസ്റ്റിനെ സോഷ്യല്‍ മീഡിയയുടെ പൊതു പ്രയോഗമായ ‘ദുരന്തങ്ങള്‍’ എന്ന ടാഗ്‌ലൈന്‍ നല്‍കിയാണ് പരിഹസിക്കുന്നത്.

Top