ഇന്ധന വില കുതിക്കുന്നതിനിടയില്‍ അളവില്‍ കുറവ് വരുത്തി പമ്പുകളുടെ വന്‍ കൊള്ള; ലീഡല്‍ മെട്രോളജി വിഭാഗം കണ്ടെത്തിയത് വലിയ കൃത്രിമം

കൊച്ചി: പെട്രോള്‍ പമ്പുകളില്‍ വന്‍ കൃത്രിമം നടക്കുന്നതായി ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ കണ്ടെത്തല്‍. സംഘം നടത്തിയ അന്വേഷണത്തിലാണ് ഇന്ധനം നിറക്കുന്നതില്‍ കുറവ് വരുത്തുന്നത് കണ്ടെത്തിയത്. ചെറിയ അളവിലാണ് ഇന്ധനം പമ്പുകള്‍ അടിച്ചു മാറ്റുന്നതെങ്കിലും പല തുള്ളി പെരുവെള്ളം എന്ന നിലയില്‍ വന്‍ ക്രമക്കേടാണ് വെളിച്ചത്തു വന്നിരിക്കുന്നത്.

10 ലീറ്റര്‍ ഇന്ധനത്തില്‍ 140 മില്ലി വരെ കുറവു കണ്ടെത്തി. ലൂബ്രിക്കന്റ് ഓയിലിനു എംആര്‍പിയേക്കാള്‍ കൂടിയ വില ഈടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുനടത്തിയ പമ്പുകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളില്‍ നടത്തിയ പരിശോധനയിലാണു പമ്പുകള്‍ ഇന്ധനത്തിന്റെ അളവില്‍ കൃത്രിമം നടത്തുന്നതായി കണ്ടെത്തിയത്. 10 ലീറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ അളവില്‍ 80 മുതല്‍ 140 വരെ മില്ലിലീറ്റര്‍ കുറവു രേഖപ്പെടുത്തി. അഞ്ചു പമ്പുകളിലായി അളവില്‍ കുറവുള്ള 10 നോസിലുകള്‍ ലീഗല്‍ മെട്രോളജി വിഭാഗം മധ്യമേഖല ഡപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍. റാം മോഹന്റെ നിര്‍ദേശപ്രകാരം പൂട്ടി. അളവു കൃത്യമാക്കി, സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഈ നോസിലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കൂ. എല്ലാ ദിവസവും രാവിലെ നോസിലുകള്‍ പരിശോധിച്ച് അളവു കൃത്യമാക്കണമെന്ന നിര്‍ദേശം പമ്പുകള്‍ പാലിക്കുന്നില്ലെന്നും കണ്ടെത്തി.

ലൂബ്രിക്കന്റ് ഓയിലുകള്‍ക്ക് എംആര്‍പിയേക്കാള്‍ ഉയര്‍ന്ന വില ഈടാക്കിയ പമ്പുകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പരമാവധി വില 263 രൂപയുള്ള ലൂബ്രിക്കന്റുകള്‍ക്ക് 290 രൂപ വരെയാണു പല പമ്പുകളിലും ഈടാക്കിയിരുന്നത്. രാത്രികാലങ്ങളില്‍ പമ്പുകള്‍ അളവില്‍ കൃത്രിമം നടത്തുന്നുവെന്ന പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഒരേസമയം നാലു ജില്ലകളില്‍ അഞ്ചു സ്‌ക്വാഡുകളായി തിരിഞ്ഞാണു ലീഗല്‍ മെട്രോളജി വിഭാഗം പരിശോധന നടത്തിയത്. രാത്രി ഒന്‍പതോടെ ആരംഭിച്ച പരിശോധന പുലര്‍ച്ചെ അഞ്ചുമണി വരെ നീണ്ടു. പമ്പുകള്‍ ഇന്ധനത്തില്‍ മായം ചേര്‍ക്കുന്നതായുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Top