എസ് രാജേന്ദ്രന്‍ എംഎല്‍എ നാണം കെട്ടു; മൂന്നാറില്‍ പഞ്ചായത്തിന്റെ നിര്‍മാണത്തിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: മൂന്നാറില്‍ പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് സ്റ്റേ ചെയ്തത്. മൂന്നാറിലെ സിപിഐ നേതാവ് ഔസേപ്പ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. സര്‍ക്കാരിന്റെ ഉപഹര്‍ജിയും ഔസേപ്പിന്റെ ഹര്‍ജിയും ഇനി ഒരുമിച്ചു പരിഗണിക്കും . എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

ഹൈക്കോടതി സ്റ്റേ അനുവദിച്ചതിനേക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ അറിയിച്ചു. സബ് കളക്ടറുടെ സത്യവാങ്മൂലത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ അപമാനിച്ചതായി പരാമര്‍ശമുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നിലും,കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലത്തെ ജനക്കൂട്ടത്തിന് മുന്നില്‍ വെച്ചും അപമാനിച്ചുവെന്ന് സബ് കളക്ടര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നാര്‍ വില്ലേജ് ഓഫീസറുടെ ഈ മാസം 6,10 തീയതികളിലെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടന്ന നടപടികളും റിപ്പോര്‍ട്ടില്‍ വിവരിച്ചിട്ടുണ്ട്. കോടതി ഉത്തരവ് പ്രകാരം മൂന്നാര്‍ സ്‌പെഷ്യല്‍ ട്രബ്യൂണലിന് കീഴില്‍ വരുന്ന എട്ടുവില്ലേജുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂവകുപ്പിന്റെ അനുമതി നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും ഇത് ഇല്ലാതെയാണ് മൂന്നാര്‍ ടൗണില്‍ മൂലക്കട ഭാഗത്ത് ടാറ്റാ ടീ കമ്പിനി നല്‍കിയ സ്ഥലത്ത് മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും നടപടികള്‍ വിശദീകരിച്ച് സബ്ബ് കളക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കെട്ടിട നിര്‍മ്മാണത്തിനായി ബന്ധപ്പെട്ട റവന്യൂവകുപ്പ് ഓഫീസിന്റെ നിരാക്ഷേപ സാക്ഷ്യപത്രം വേണം എന്നുള്ളത് കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മൂന്നാര്‍,പള്ളിവാസല്‍,ചിന്നക്കനാല്‍ ,ദേവികുളം പഞ്ചായത്തുകള്‍ക്ക് 2010 ഫെബ്രുവരി 15-ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം നിലനില്‍ക്കെ മൂന്നാര്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 61 പാര്‍ട്ടില്‍ മൂന്നാര്‍ പഞ്ചായത്ത് ജില്ലാകളക്ടറുടെ നിരാക്ഷേപ സാക്ഷ്യപത്രമില്ലാതെ ഇല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു.തുടര്‍ന്ന് ഈ മാസം 5-ന് നിരോധന ഉത്തരവ് തയ്യാറാക്കി പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കുകയും 6-ന് സെക്രട്ടറി ഇത് കൈപ്പറ്റുകയും ചെയ്തിരുന്നു.ഇത് മൂന്നാര്‍ വില്ലേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണ്.

നിരോധന ഉത്തരവ് അവഗണിച്ച് കെട്ടിട നിര്‍മ്മാണം നടക്കുന്നു എന്ന് വിവരം കിട്ടിയതിനെത്തുടര്‍ന്ന് മൂന്നാര്‍ വില്ലേജിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വിജയകുമാറിനെയും ഇവിടെ സേവനം അനുഷ്ടിക്കുന്ന ഭൂസംരക്ഷണ സേനാഅംഗങ്ങളെയും ഇത് പരിശോധിക്കാന്‍ നിയോഗിച്ചു.എന്നാല്‍ നിര്‍മ്മാണം നടന്നിരുന്ന സ്ഥലത്തുണ്ടായിരുന്ന കരാറുകാരനും പഞ്ചായത്തംഗങ്ങളും ഇവരെ അധിക്ഷേപിയിക്കുകയും നിര്‍മ്മാണം തുടരുകയും ചെയ്തു. ഈ വിവരം അറിഞ്ഞ ഉടന്‍ ദേവികുളം ഭൂരേഖ തഹസീല്‍ദാര്‍ ഉമാശങ്കറിനെ അവിടേയ്ക്കയച്ചു.ഈ സമയം മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഭരണസമിതി അംഗങ്ങള്‍ എന്നിവരുടെ നേൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ സംഘടിച്ചിട്ടുണ്ടെന്ന് വിവരം കിട്ടി.

മൂന്നാര്‍ സബ് ഇന്‍സ്‌പെക്ടറോട് സ്ഥലത്തെത്താനും നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവയക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഫോണ്‍മുഖേന ആവശ്യപ്പെടുകയും ചെയ്തു.ഇതുകൂടാതെ നിര്‍മ്മാണം നിര്‍ത്തി വയ്പ്പിക്കണമെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കണമെന്നും മൂന്നാര്‍ ഡി വൈ എസ് പിക്ക് ഇ-മെയില്‍ മുഖേന നിര്‍ദ്ദേശവും നല്‍കി. ജില്ലാ കളക്ടറെ ഫോണ്‍മുഖേന വിവരങ്ങള്‍ അറിയിക്കുകയും ഇതുപ്രകാരം കളക്ടര്‍ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Top