ജേക്കബ് തോമസിന് മുഖ്യമന്ത്രിയുടെ പിന്തുണ,ഐഎഎസ് ഉദ്യോഗസ്ഥര്‍ അവധി പിന്‍വലിച്ചു

തിരുവനന്തപുരം:വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ച് കൂട്ട അവധിയെടുക്കുമെന്ന നിലപാട് ഐ.എ.എസുകാര്‍ പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിക്കുന്ന കാര്യം അസോസിയേഷന്‍ വ്യക്തമാക്കിയത്. സമരം ശരിയായ നടപടിയല്ലെന്ന് ഐഎഎസ് അസോസിയേഷന്‍ ഭാരവാഹികളുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു ചര്‍ച്ച. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ കേസുകളില്‍ അദ്ദേഹത്തിനെതിരേ നടപടിയെടുക്കുമോ എന്ന ചോദ്യത്തിന് അത് പിന്നീട് പരിഗണിക്കേണ്ട കാര്യമാണെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജേക്കബ് തോമസിനെതിരായ ആരോപണങ്ങള്‍ നേരത്തെ അന്വേഷിച്ചതാണ്. പലതും വ്യാജമാണെന്ന് കണ്ടെത്തി. മറ്റു ചിലത് കോടതിയുടെ പരിഗണനയിലാണ്. വിജിലന്‍സസ് അന്വേഷിച്ച കാര്യം എങ്ങനെ ധനകാര്യ വകുപ്പിന് അന്വേഷിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം ആദ്യമായല്ല. അവരുടെ പ്രതിഷേധം ഗൗരവമായി കാണുന്നു. എന്നാല്‍ സമരം ശരിയായ നടപടിയല്ല. ഏത് വിഷയത്തിലും സ്വതന്ത്ര അന്വേഷണം വേണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. അന്വേഷണത്തിനെതിരായ വികാരം സ്വാഭാവികമാണ്. അത് മനസിലാക്കുന്നു. സമരം സര്‍ക്കാരിന് എതിരല്ലെന്ന് ഐഎഎസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.ഉദ്യോഗസ്ഥര്‍ക്കെതിരേ മനപ്പൂര്‍വം കേസെടുക്കുകയാണെന്നും ഇതു സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നതിനാലാണ് ഫയലുകള്‍ നീങ്ങാത്തതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ബന്ധുനിയമന കേസില്‍ വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ പ്രതി ചേര്‍ത്തതാണ് ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ കൂട്ടഅവധിയെടുക്കലിന് കാരണം.

പ്രതിഷേധത്തിന് കാരണം കഴിഞ്ഞദിവസം ധനകാര്യഅഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗമാണ് ജേക്കബ് തോമസിനെതിരേ പ്രതിഷേധം ശക്തമക്കാന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെയായിരുന്നു ചീഫ് സെക്രട്ടറിക്ക് കൂട്ട അവധി അപേക്ഷ നല്‍കിയത്. 40 ഐഎഎസ് ഉദ്യോഗസ്ഥരാണ് അവധിക്ക് അപേക്ഷ നല്‍കിയത്. സമരം നിര്‍ത്തി അതേസമയം, ചര്‍ച്ചക്ക് ശേഷം സമരം അവസാനിപ്പിക്കുകയാണെന്ന് ഐഎഎസ്് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എല്ലാ കാര്യങ്ങളിലും വിശദമായ ചര്‍ച്ച പിന്നീട് നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടപ്പോള്‍ അറിയിച്ചിരുന്നില്ല.

വിജിലൻസ് അന്വേഷണം നേരിടുന്നവർക്ക് കോടതിയെ സമീപിക്കാൻ അവസരമുണ്ട്. സർക്കാറിന് അന്വഷണത്തെ സ്വാധീനിക്കാൻ കഴിയില്ല, സ്വതന്ത്രവും നീതിപൂർവകവുമായ അന്വേഷണം നടക്കണമെന്നാണ് സർക്കാർ നിലപാട്. സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ആദ്യ സംഭവമല്ലെന്നും പിണറായി ആവർത്തിച്ചു. സർക്കാറിനെതിരെ തങ്ങൾക്ക് നീക്കമില്ലെന്നും തങ്ങളുടെ ആശങ്ക അറിയിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അസോസിയേഷൻ പറഞ്ഞത്. എന്നാൽ ഇത്തരം വാദങ്ങൾ ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശനിയാഴ്ച രാത്രി വരെ 25 അവധി അപേക്ഷകളാണ് ചീഫ്സെക്രട്ടറിയുടെ ഓഫിസിലത്തെിയത്. ഫോണ്‍ വഴിയും ചിലര്‍ അവധി പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. മുന്‍ മന്ത്രി ഇ.പി.ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന കേസില്‍ വ്യവസായ അഡീഷനല്‍ ചീഫ് സെക്രട്ടറി  പോള്‍ ആന്‍റണിയെ വിജിലന്‍സ് പ്രതിചേര്‍ത്തതാണ് ജേക്കബ് തോമസുമായി കുറെ നാളായി ഇടഞ്ഞു നിന്ന ഒരു വിഭാഗം ഐ.എ.എസുകാരെ പ്രകോപിപ്പിച്ചത്. നേരത്തേ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന്‍െറ വസതി റെയ്ഡ് ചെയ്തതിലും  മറ്റൊരു അഡീഷനല്‍ ചീഫ്സെക്രട്ടറി ടോം ജോസിനെതിരായ കേസിന്‍െറ കാര്യത്തിലും  ഐ.എ.എസുകാരില്‍ ഒരു വിഭാഗം അമര്‍ഷത്തിലായിരുന്നു.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉദ്യോഗസ്ഥരില്‍ ഭയത്തിന്‍െറ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന ആരോപണമാണ് ഐ.എ.എസുകാര്‍ ഉന്നയിക്കുന്നത്. അധികാര ദുര്‍വിനിയോഗം നടത്തുന്നെന്നും പ്രതികാര മനോഭാവത്തോടെ പെരുമാറുന്നെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഇതേ ആരോപണങ്ങളുമായാണ് നേരത്തേ ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം, ജേക്കബ് തോമസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ബന്ധുനിയമന വിഷയത്തില്‍ വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജന്‍െറ രേഖാമൂലമുള്ള നിര്‍ദേശം അനുസരിക്കുക  മാത്രമാണ് പോള്‍ ആന്‍റണി ചെയ്തതെന്നാണ് ഐ.എ.എസുകാരുടെ വാദം.

Latest
Widgets Magazine