ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിത ഇമാൻ അന്തരിച്ചു

ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിത ഇമാന്‍ അഹമ്മദ് അന്തരിച്ചു. അബുദാബിയിലെ ബുര്‍ജീല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആണ് മരണം സംഭവിച്ചിരിക്കുന്നത്. ഭാരം കുറയ്ക്കുന്ന ചികിത്സ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇമാന്റെ മരണം. ചികിത്സയ്ക്കിടെ കിഡ്‌നി തകരാറിലായും ഹൃദയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതുമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. ഈജിപ്തുകാരിയായ ഇമാന്‍ കഴിഞ്ഞ ഏപ്രിലിലാണ് ചികിത്സയ്ക്കായി ബുര്‍ജീലില്‍ എത്തിയത്. 20 ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘമാണ് ഇമാന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്. 500 കിലോയോളം ഭാരമുണ്ടായിരുന്ന ഇമാന്‍ ചികിത്സയ്ക്കായി ഇന്ത്യയിലുമെത്തിയിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ നിന്നും ചികിത്സ മതിയാക്കിയാണ് ഇമാന്‍ അബുദാബിയിലെത്തിയത്. ചികിത്സയുടെ ഭാഗമായി ഇമാന്റെ ഭാരം കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷത്തിനിടെ തനിയെ ഭക്ഷണം കഴിക്കാനും ടെലിവിഷന്‍ കാണാനും ചികിത്സയുടെ ഫലമായി ഇമാന് സാധിച്ചിരുന്നു. സാധാരണ ജീവിതത്തിലേക്ക് ഇമാന്‍ തിരിച്ചുവരുമെന്ന കുടുംബത്തിന്റെ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ടാണ് ഇമാന്‍ ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്.

Top