ആധാർ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്നു ചോർത്തി; യുവാവിന്റെ കെണിയിൽ കുടുങ്ങിയത് നൂറിലേറെ സ്ത്രീകൾ

ക്രൈം ഡെസ്‌ക്

കൊച്ചി: യുവതിയുടെ ആധാർ കാർഡിന്റെ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്നു ചോർത്തിയെടുത്ത ശേഷം വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കി സിം കാർഡ് സംഘടിപ്പിച്ചു നൂറിലേറെ സ്ത്രീകളെ കുടുക്കിയ തട്ടിപ്പുകാരൻ പിടിയിൽ. അമയന്നൂർ താന്നിക്കപ്പടി ഉടുമ്പനാട്ട് വീട്ടിൽ ഷിബു കോര (43)യാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. വ്യാജരേഖകൾ ചമച്ച് സിംകാർഡുകൾ  സ്വന്തമാക്കി ആയത് ഉപയോഗിച്ച്  തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഇയാളുടെ പക്കൽ നിന്ന് അഞ്ച് സിം  കാർഡുകൾ പോലീസ് പിടിച്ചെടുത്തു. കൊങ്ങാണ്ടൂർ സ്വദേശിനിയുടെ ആധാർ കാർഡ് വച്ച് സിം കാർഡ് സ്വന്തമാക്കി യുവതികളെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി വരികയായിരുന്നു. ഏതാനും മാസങ്ങളായി പോലീസിന് തലവേദന സൃഷ്ടിച്ചയാളെ ഇന്നലെയാണ് അറസ്റ്റു ചെയ്തത്.
ചിങ്ങവനം സ്വദേശിയാണ് ഇതു സംബന്ധിച്ച് ആദ്യം പോലീസിൽ പരാതി നല്കിയത്. ഫോണിൽ വിളിച്ച് അശ്ലീലം പറയുകയും ശല്യം ചെയ്യുകയും ചെയ്തുവെന്നായിരുന്നു പരാതി. വിളിച്ച ഫോൺ നമ്പർ അന്വേഷിച്ച് പോലീസ് എത്തിയപ്പോൾ അത് കൊങ്ങാണ്ടൂർ സ്വദേശിയായ യുവതിയുടേതായിരുന്നു. പിന്നീട് തൃശൂർ സ്വദേശിയായ യുവതിയും ഇതേ പരാതിയുമായി രംഗത്തെത്തി. ഇതോടെ കൊങ്ങാണ്ടൂർ സ്വദേശി ഇടപെട്ട് രണ്ടു സിം കാർഡുകളും കാൻസലാക്കി.
പിന്നീട് പല സ്ഥലങ്ങളിൽ നിന്ന പരാതി പ്രവഹിച്ചപ്പോഴാണ് വിളിക്കുന്ന ആളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കൊങ്ങാണ്ടൂർ സ്വദേശി പരാതി നല്കിയത്. ഇതു പ്രകാരം സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് ഷിബു കോരയെ പിടികൂടിയത്. ഇയാളുടെ ഫോൺ കോൾ പിൻതുടർന്നാണ് പോലീസ് ആളെ കണ്ടെത്തിയത്. ഇയാളുടെ ആദ്യ ഭാര്യയുടെ പേരിലും സിം കാർഡ് തട്ടിപ്പ് നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. നേരത്തേ ഹോട്ടൽ ജോലി ചെയ്തിരുന്ന പ്രതി ഇപ്പോൾ അമയന്നൂരിലെ ഒരു ലോൺട്രിയിൽ പണി ചെയ്തു വരികയായിരുന്നു.
ഇതനിടെ അയർക്കുന്നത്തെ ഫോട്ടോസ്റ്റാറ്റ് സ്ഥാപനത്തിൽ ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനായി യുവതി ഇവരുടെ ആധാർ കാർഡിന്റെ വിവരങ്ങൾ നൽകിയിരുന്നു. ഈ വിവരങ്ങൾ മോഷ്ടിച്ചെടുത്ത പ്രതി ഇവ ഇന്റർനെറ്റി പരതി ആധാർകാർഡിന്റെ യഥാർഥ പകർപ്പ് മോഷ്ടിച്ചെടുക്കുകയായിരുന്നു. ഇത് ഉപയോഗിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. ഇതോടെ ആധാർകാർഡിലെ വിവരങ്ങളൊന്നും രഹസ്യമല്ലെന്ന വാദം ശക്തമായിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top