പുതിയ താരോദയങ്ങളും വമ്പന്‍മാരുടെ കൊമ്പുകുത്തലും കണ്ട ഐപിഎല്‍ ലേലം അവസാനിച്ചു; ചരിത്രത്തില്‍ ആദ്യമായി രണ്ട് അഫ്ഗാന്‍ താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങും

ബെംഗളൂരു: ഐപിഎല്‍ ലേലം അവസാനിച്ചു. ക്രിക്കറ്റ് പ്രേമികളുടെ ആഹ്ലാദങ്ങളും ആരവങ്ങളും വാനോളം ഉയര്‍ത്തുന്ന സീസണാണ് വരാനിരിക്കുന്നത്. ഈ സ്വപ്‌ന സങ്കേതത്തില്‍ പല അപ്രതീക്ഷിത താരങ്ങളും ഉദയം ചെയ്തിട്ടുണ്ട്. ചില വമ്പന്‍മാര്‍ കൊമ്പ് കുത്തിയിട്ടുമുണ്ട്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിലയായ 14.5 കോടി രൂപയ്ക്ക് പുണെ സൂപ്പര്‍ ജയന്റ്‌സ് വിളിച്ചെടുത്ത ബെന്‍ സ്റ്റോക്‌സാണ് ഇത്തവണത്തെ ലേലത്തിലെ വിലയേറിയ താരം. കഴിഞ്ഞ സീസണില്‍ 16 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയ യുവരാജ് സിങ്ങിന് ലഭിച്ചതാണ് ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന വില.

ഇംഗ്ലണ്ടിന്റെതന്നെ യുവബോളര്‍ ടൈമല്‍ മില്‍സാണ് ലേലത്തില്‍ രണ്ടാമത്തെ വലിയ തുക സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ബോളര്‍ക്കു ലഭിക്കുന്ന ഉയര്‍ന്ന തുകയായ 12 കോടി രൂപയ്ക്ക് ടൈമല്‍ മില്‍സിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ ഒയിന്‍ മോര്‍ഗനെ രണ്ടു കോടി രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബും സ്വന്തമാക്കി. പതിവിനു വിപരീതമായി ബോളര്‍മാരെ സ്വന്തമാക്കാനാണ് ഇത്തവണ വാശിയേറിയ പോരാട്ടം നടന്നത്. ഏറ്റവും കൂടുതല്‍ വില ലഭിച്ച താരങ്ങളില്‍ ഏറെയും ബോളര്‍മാരാണ്. കേരളത്തില്‍നിന്ന് ലേലംകൊണ്ട ഏക താരമായ ബേസില്‍ തമ്പിയും ബോളര്‍ തന്നെ. 10 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ബേസിലിനെ 85 ലക്ഷം രൂപയ്ക്കാണ് ഗുജറാത്ത് ലയണ്‍സ് സ്വന്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐപിഎല്‍ ചരിത്രത്തിലാദ്യമായി ഇത്തവണ അഫ്ഗാനിസ്ഥാന്‍ താരങ്ങളും ടീമുകളുടെ ഭാഗമായി. നാലു കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയ റാഷിദ് ഖാനാണ് ഏറ്റവും വില ലഭിച്ച അഫ്ഗാന്‍ താരം. ഇത്തവണ ബംഗ്ലദേശ് താരങ്ങളെ വാങ്ങാന്‍ ആരും മിനക്കെട്ടില്ല എന്നതും മറ്റൊരു പ്രത്യേതയാണ്. അനികേത് ചൗധരി (രണ്ടു കോടി), മുഹമ്മദ് സിറാജ് (2.6 കോടി), നടരാജന്‍ (മൂന്നു കോടി) തുടങ്ങി ചില അപ്രതീക്ഷിത താരോദയങ്ങളും ലേലത്തില്‍ കണ്ടു. ബെംഗളൂരുവില്‍ നടന്ന താരലേലത്തില്‍ നാട്ടിലും മറുനാട്ടിലുമുള്ള 357 കളിക്കാരാണ് എട്ടു ടീമുകളുടെ വിളി പ്രതീക്ഷിച്ചെത്തിയത്.

Top