കേരളത്തെ മുസ്ലീം സംസ്ഥാനം ആക്കാൻ ശ്രമം; ആസ്ഥാനം മലപ്പുറം; കണ്ടെത്തൽ കേന്ദ്രമന്ത്രിയുടെ

കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര പുരോഗമിക്കുകയാണ്. പ്രതീക്ഷിച്ചത്രം മാധ്യമ ശ്രദ്ധ കിട്ടാതെ പോയ ഒരു യാത്രയാണ് അത്. ആദ്യം ദിലീപിന്റെ ജാമ്യവും ഇപ്പോള്‍ സോളാര്‍ കേസും ഒക്കെ ആയി മാധ്യമ ശ്രദ്ധ വിഭജിച്ച് പോവുകയായിരുന്നു. എന്നാലും ജനരക്ഷായാത്രയില്‍ പുറത്ത് നിന്ന് വരുന്നവര്‍ ഉണ്ടാക്കുന്ന വിവാദങ്ങള്‍ക്ക് ഒരു കുറവും ഇല്ല. ഇപ്പോഴിതാ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് ആണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കേരളത്തെ ഒരു മുസ്ലീം സംസ്ഥാനം ആക്കിമാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നാണ് കേന്ദ്ര മന്ത്രിയുടെ ആരോപണം. ആ സംസ്ഥാനത്തിന്റെ തലസ്ഥാനം മലപ്പുറം ആണെന്നും അദ്ദേഹം കണ്ടെത്തുന്നുണ്ട്. കൊച്ചിയില്‍ ജനരക്ഷായാത്രക്ക് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറത്തെ ജനസംഖ്യാ വര്‍ദ്ധനവില്‍ ഗൂഢാലോചനയുണ്ട് എന്നാണ് മറ്റൊരു കണ്ടെത്തല്‍. മലബാര്‍ കലാപത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്നതും കേന്ദ്ര മന്ത്രിയെ സംബന്ധിച്ച് വലിയ പ്രശ്‌നമാണ്. ലവ് ജിഹാദിനെ കുറിച്ചും പരാമര്‍ശമുണ്ട്. ഐസിസിന്റെ തന്ത്രമായ ലൗ ജിഹാദ് കേരളത്തിന് ഭീഷണിയാണ് എന്നാണ് ആരോപണം. കേരളത്തിന്റെ വളര്‍ച്ചയെ കുറിച്ചും അദ്ദേഹത്തിന് പറയാനുണ്ട്. തൊഴിലില്ലായ്മയില്‍ കേരളം മൂന്നാം സ്ഥാനത്താണ് എന്നാണ് ആ കണ്ടെത്തല്‍. ഒന്നാം സ്ഥാനം സിപിഎം ഭരിക്കുന്ന ത്രിപുരയ്ക്കാണത്രെ. സോളാര്‍ കേസും കേന്ദ്ര മന്ത്രിയുടെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു.

Top