സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും സിപിഎം മാത്രമെന്ന് :കെ മുരളീധരന്‍

കോഴിക്കോട്:യുഡിഎഫിനെതിരെ ശക്തമായ വിമര്‍ശനവുമായി കെ മുരളീധരന്‍ എംഎല്‍എ. കേരളത്തില്‍ പ്രതിപക്ഷമില്ലെന്ന് മുരളീധരന്‍ ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ചാനലുകളില്‍ മുഖം കാണിക്കാന്‍ തല്ലുകൂടുകയാണ്. സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ തുറന്നുകാണിക്കാന്‍ യുഡിഎഫിന് കഴിയുന്നില്ല. സുപ്രധാനമായ വിഷയങ്ങളില്‍ ഉചിതമായി പ്രതികരിക്കുന്നില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും സിപിഎം മാത്രമാവുന്നു.ഒരു സമരം നടത്താന്‍ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ല. ഒറ്റക്കെട്ടാണെന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ കോണ്‍ഗ്രസിലുണ്ട്. കോഴിക്കോട് കെ കരുണാകരന്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കോണ്‍ഗ്രസിനെതിരെ മുരളീധരന്‍ തുറന്നടിച്ചത്.

പാര്‍ട്ടി നേതാക്കള്‍ സ്വയം തന്നിലേക്ക് ഒതുങ്ങുകയും അവരവരുടെ നിലനില്‍പ്പിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്. പാര്‍ട്ടിയെ താഴേതട്ടില്‍ ശക്തിപ്പെടുത്താനോ അണികളുടെ എണ്ണം കൂട്ടാനോ നേതാക്കള്‍ ശ്രമിക്കുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമാകുന്ന കാഴ്ചയാണ് കാണുന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേതൃത്വം ദുര്‍ബലമായതാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെടാനും ന്യൂനപക്ഷം അകലാനുമുള്ള കാരണം.താനടക്കമുള്ള എല്ലാ നേതാക്കളും പാര്‍ലമെന്ററി വ്യാമോഹമുള്ളവരാണ്. അണികളില്ലാത്ത ഒരു പാര്‍ട്ടിയായി മാറികൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. നേതാക്കളെ ചുറ്റിപറ്റി നില്‍ക്കുന്ന ചുരുങ്ങിയ അണികള്‍ മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളതെന്നും മുരളീധരന്‍ ആരോപിച്ചു.

Latest